
അടിമാലി: ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്താണ് റോഡ് പൂര്‍ണ്ണമായി തന്നെ തകര്‍ന്നിട്ടുള്ളത്. 14 കിലോമീറ്ററോളം ദൂരത്തെ യാത്ര വാഹനയാത്രികര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ദേശിയപാത നവീകരണത്തിന്റെ ഭാഗമായി നേര്യമംഗലം വനമേഖലയിലും ആദ്യഘട്ടത്തില്‍ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പിന്നീട് കോടതി വ്യവഹാരങ്ങളില്‍ പെട്ടതോടെ നിര്‍മ്മാണം നിലച്ചു.റോഡില്‍ ഉടനീളം വലിയ കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്.
ഈ കുഴികളില്‍ ചാടി ചെറുവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. ഹൈറേഞ്ചില്‍ നിന്ന് ദിവസവും നിരവധി ആംബുലന്‍സുകളാണ് രോഗികളുമായി അയല്‍ജില്ലകളിലേക്ക് പോകുന്നത്. റോഡില്‍ കുഴികള്‍ നിറഞ്ഞത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും രോഗികള്‍ക്കും വെല്ലുവിളിയാകുന്നു. വാഹന തിരക്കേറുമ്പോള്‍ റോഡില്‍ ഗതാഗത കുരുക്കുണ്ടാകുന്നതിനും തകര്‍ന്ന് കിടക്കുന്ന റോഡ് കാരണമാകുന്നു.
യാത്രാ ക്ലേശം വര്‍ധിച്ചതോടെ യാത്രക്കായി അധിക സമയം ചിലവാക്കേണ്ടി വരുന്നതും പ്രതിസന്ധിയാണ്. ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ കുഴി കടന്ന് യാത്ര ചെയ്യാനും പ്രയാസം നേരിടുന്നുണ്ട്. നിലവില്‍ റോഡില്‍ രൂപം കൊണ്ടിട്ടുള്ള കുഴിയടക്കുന്നതിന് പോലും വനംവകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഉണ്ടായിട്ടുള്ള കുഴികള്‍ ദിവസവും വലിപ്പം ആര്‍ജ്ജിച്ച് യാത്ര ക്ലേശം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.



