ബജറ്റ് അങ്ങേയറ്റം നിരാശാജനകം; സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ പദ്ധതിയൊന്നുമില്ല, ധനമന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റ് ഏറെ നിരാശാജനകമെന്നും കേരളം പ്രതീക്ഷിച്ച ഒന്നും ലഭിച്ചില്ലെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. ഭാവിയിൽ ഇക്കോണമിയെ മുന്നോട്ട് കൊണ്ട് പോകാനുള്ള ഒന്നും ബജറ്റിൽ ഇല്ല. ടാക്സിനെക്കുറിച്ച് മാത്രമാണ് ബജറ്റിൽ ഉടനീളം പറഞ്ഞത് സാമ്പത്തിക രംഗത്തെ പ്രതിസന്ധിയെ പരിഹരിക്കാനും ഒന്നുമില്ല മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ജല ജീവൻ മിഷന് വേണ്ടി 50 ശതമാനം കേന്ദ്രം 50 ശതമാനം സംസ്ഥാനം എന്നതായിരുന്നു കണക്ക്. എന്നാൽ ഇപ്പോൾ സംസ്ഥാനം 5000 കോടി രൂപ നബാഡ് ബാങ്കിൽ നിന്ന് കടം വാങ്ങിയിരിക്കുകയാണ് കോൺട്രാക്ടര്മാര്ക്ക് തിരിച്ച് കൊടുക്കാനായി. കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും ജല ജീവൻ മിഷൻ പരിഗണിച്ചില്ല. വലിയ തട്ടിപ്പാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. കർത്തവ്യത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും കർത്തവ്യം ചെയ്യാനായി കേന്ദ്രത്തിന്റെ കൈയ്യിൽ പണമില്ല. ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖം ആണ് വിഴിഞ്ഞം അത് പോലും ബജറ്റിൽ കേന്ദ്രം പരിഗണിച്ചില്ല മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽ പാതയോ എയിംസോ പ്രഖ്യാപിക്കാതെയുള്ള ബജറ്റ് കേരളത്തിന് കടുത്ത നിരാശയായി. ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളം ഇടം നേടിയില്ല.അതിവേഗ റെയിൽ പാത പദ്ധതി പ്രതീക്ഷിച്ച കേരളത്തിന്, കടലാമ പരിപാലത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഉൾപ്പെടുത്തി ധാതു ഇടനാഴി പ്രഖ്യാപിച്ചതാണ് ബജറ്റ് പ്രസംഗത്തിൽ കേരളത്തിനുള്ള ചെറുനേട്ടം. നാളികേരവികസനത്തിനും, കൊക്കോ-കശുവണ്ടി മേഖലയ്ക്കും പ്രഖ്യാപിച്ച പദ്ധതികൾ കേരളത്തിന് ആശ്വാസമാകും.



