
ഇടുക്കി: മറയൂർ- കാന്തല്ലൂർ മേഖലയിൽ നിന്ന് ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന പുതിയ സസ്യത്തെ കണ്ടെത്തി. തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഡിപ്ലോസെന്ററം എന്ന തദ്ദേശ ജാതി വിഭാഗത്തിൽപ്പെടുന്ന ചെടിക്ക് പൂവിന്റെ ഘടനാസ്വഭാവം അടിസ്ഥാനപ്പെടുത്തി ‘ഡിപ്ലോസ്ന്റ്റം പാപ്പില്ലോസം” എന്ന ശാസ്ത്രനാമം നൽകി. പാറകൾക്ക് മുകളിലും മരത്തിന്റെ ശാഖകളിലും പറ്റിപ്പിടിച്ചു വളരുന്ന ഇവയ്ക്ക് ശക്തമായ കാറ്റിനെ പ്രതിരോധിക്കാനാകുന്ന വേരുകൾ ഉണ്ട്. ശാഖകളായി പിരിയാത്ത പൂങ്കുല, വെള്ളയും പിങ്കും പൂക്കൾ, ദളങ്ങളുടെ ആകൃതി എന്നിവ ഈ ഗണത്തിലെ മറ്റ് ചെടികളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നു.
സുഗന്ധമേറിയതും മനോഹരങ്ങളുമാണ് ഇവയുടെ പൂക്കൾ. ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവിലാണ് പൂവിട്ട് കായ വിളയുന്നത്. ആലപ്പുഴ സനാതന ധർമ്മ കോളേജിലെ അദ്ധ്യാപകനായ ഡോ. ജോസ് മാത്യു, പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപ്, വണ്ടിപ്പെരിയാറിലെ ജോനാസ് ഓർക്കിഡേറിയം ഉടമ മാത്യു ജോസ് മാത്യു, കല്പറ്റ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സലിം പിച്ചൻ എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് കണ്ടെത്തലിന് പിന്നിൽ.



