വികസനമുന്നേറ്റ ജാഥകളുമായി എല്‍ഡിഎഫ്; യുഡിഎഫിന്റെ പുതുയുഗ യാത്രയും ഉടന്‍; തിരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനം

തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. തിരഞ്ഞെടുപ്പ് രംഗം സജീവമാക്കാന്‍ രാഷ്ട്രീയ പ്രചരണ ജാഥയോടെയാണ് തിരഞ്ഞെടുപ്പ് ഗോഥയിലേക്കുള്ള ആദ്യ പ്രവേശനം. പതിവിന് വിപരീദമായി മൂന്ന് മേഖലകള്‍ തിരിച്ചുള്ള ജാഥയുമായാണ് ഇടതുമുന്നണിയുടെ നീക്കം. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് യോഗത്തില്‍ വിവിധ ഘടകകക്ഷി നേതാക്കള്‍ വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വികസന ജാഥകള്‍ നടത്താന്‍ മുന്നണിയോഗം തീരുമാനം കൈക്കൊണ്ടത്.
സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുന്നതിനുള്ള ശ്രമമാണ് എല്‍ഡിഎഫ് മേഖലാ ജാഥകളിലൂടെ നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായുള്ള ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്ക് തൊട്ടു പിന്നാലെയാണ് വികസന ജാഥയുമായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ ആരംഭിച്ച ജാഥയില്‍ പ്രധാനമായും കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയാണ് പ്രചാരണായുധം. കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചുവെന്ന ആരോപണം എല്ലാ കേന്ദ്രങ്ങളിലും ശക്തമായി ഉന്നയിക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാനത്ത് നേട്ടമുണ്ടാക്കുമെന്ന പ്രചാരണം ശക്തമായിരിക്കെ തിരിച്ചുള്ളൊരു രാഷ്ട്രീയ ആക്രമണത്തിനുള്ള വേദികൂടിയായി ഈ മേഖലാ ജാഥകള്‍ മാറി. ഇടതുമുന്നണിക്കിത് വീണുകിട്ടിയ അവസരമാണ്.
വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. സിപിഐഎമ്മിന്റെ തട്ടകത്തില്‍ ജാഥ നയിക്കാന്‍ പാര്‍ട്ടി എംവി ഗോവിന്ദനെ നിയോഗിച്ചത് പാര്‍ട്ടിയുടെ വോട്ടുകള്‍ പരമാവധി പെട്ടിയാലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍, ഇതിനിടയില്‍ ഉയര്‍ന്ന ചില വിവാദങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
പയ്യന്നൂരില്‍ സിപിഐഎമ്മിലുണ്ടായിരിക്കുന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ എംവി ഗോവിന്ദന്റെ ജാഥ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് മറുപടി പറയാനുള്ളൊരു വേദികൂടിയായി മാറുകയാണ്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢാലോചനയാണ് വി കുഞ്ഞികൃഷ്ണനിലൂടെ നടപ്പാക്കിയതെന്ന് വാദിക്കുമ്പോഴും ഫണ്ടുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്ന ചോദ്യം നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയാണ്. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തുവന്നതിന് ശേഷം കണക്കുകള്‍ പുറത്തുവിടുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലവിലുള്ള തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനം. മലബാര്‍ മേഖലകളില്‍ പയ്യന്നൂര്‍ വിവാദം തിരിച്ചടിക്ക് വഴിയൊരുക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് സംസ്ഥാന കമ്മിറ്റിയുടെ നീക്കം.
തെക്കുവടക്കന്‍ ജാഥകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംസ്ഥാന സെക്രട്ടറിമാര്‍ നയിക്കുമ്പോള്‍ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ ജോസ് കെ മാണിയാണ്. മധ്യകേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചടിയോടെ മുന്നണി നേതൃത്വം ഏറെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നീക്കം നടത്തുന്നത്. കേരളാ കോണ്‍ഗ്രസ് എം ഇടത് മുന്നണിയില്‍ നിന്നും വിട്ടുപോവുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനായി തീരുമാനിച്ചത്.
ജസ്റ്റിസ് ജെ ബി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനമായിരുന്നു ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ഇടതുപക്ഷവുമായി അടുപ്പിക്കാനുള്ള ഒരു തന്ത്രം. മധ്യകേരളത്തില്‍ ജോസ് കെ മാണിയെ ക്യാപ്റ്റനാക്കിയതിനു പിന്നിലെ തന്ത്രവും ഇതുതന്നെയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടു ചോര്‍ച്ചയുടെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് ക്രിസ്ത്യന്‍ വിഭാഗം മുന്നണിയോട് അകന്നുവെന്നായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ മുന്‍നിര്‍ത്തി സിപിഐഎം നടത്തുന്നത്.
ബിജെപി രാഷ്ട്രീയമായി നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലയാണ് തെക്കന്‍ മേഖല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയില്‍ പ്രധാനമായും ബിജെപിയുടെ വര്‍ഗീയ അജണ്ടയും പിഎം ശ്രീ പോലുള്ള പദ്ധതിയില്‍ എന്തുകൊണ്ട് സിപിഐ മുന്നണിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചു തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരുത്തും. ബിജെപി തിരുവനന്തപുരത്ത് ലക്ഷ്യമിടുന്ന മുന്നേറ്റം തടയുകയാണ് തെക്കന്‍ ജാഥയുടെ പ്രധാന രാഷ്ട്രീയ ലക്ഷ്യം. ജാഥകള്‍ മൂന്നും മൂന്ന് തരം രാഷ്ട്രീയ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജാഥയും ഇതിന് തൊട്ടുപിന്നാലെ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള ജാഥ കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കും. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ നയത്തെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് ജാഥയിലെ പ്രധാന അജണ്ട. ഇതോടൊപ്പം കേരളത്തിന്റെ വികസന മുരടിപ്പ്, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയായിരിക്കും ജാഥ. നിയമസഭയില്‍ യുഡിഎഫ് ഉന്നയിച്ച വിഷയങ്ങള്‍ പ്രധാന രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാണിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. കേന്ദ്ര ബജറ്റും കേരള സര്‍ക്കാരിന്റെ ബജറ്റും കോണ്‍ഗ്രസ് ജാഥയില്‍ പ്രധാന പ്രചാരണായുധമായി മാറും. യുഡിഎഫ് ജാഥ കൂടി ആരംഭിക്കുന്നതോടെ കേരളത്തില്‍ തിരഞ്ഞെടുപ്പ് രംഗത്തിന് തീപ്പിടിക്കും



