
മൂന്നാര്‍: ആറു മാസം മുന്‍പ് നടന്ന ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതക കേസിന്റെ അന്വേഷണം നിലച്ചു. കഴിഞ്ഞ ആഗസ്റ്റ് 23ന് പകലാണ് ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കന്നിമല ഫാക്ടറി ഡിവിഷനില്‍ രാജപാണ്ടിയെ ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയിലും കഴുത്തിലുമായി 9 വെട്ടുകളേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 6 മാസത്തോടടുക്കുമ്പോഴും കേസില്‍ തുമ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കേസിന്റെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലുമായി. കേസിന്റെ അന്വേഷണമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തയാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. സംഭവം അന്വേഷിക്കുന്നതിനായി മൂന്നാര്‍ ഡിവൈഎസ്പിയു ടെ നേതൃത്വത്തില്‍ 18 അംഗ സംഘത്തെ നിയമിച്ചിരുന്നു. കേസു കള്‍ തെളിയിക്കുന്നതില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെയടക്കം അന്വേഷണ സംഘത്തില്‍ പിന്നീട് ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിനോടകം 150ലധികം ആളുകളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും മറ്റ് ശാസ്ത്രീയ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു.
കൊലപാതകസ്ഥലത്തെ രക്തക്കറയുടെ പരിശോധനയും ഒട്ടേറെപ്പേരുടെ നുണ പരിശോധനയും കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് സൂചന പോലും ലഭിക്കാതെ വന്നതോടെയാണ് കഴിഞ്ഞ നവംബറില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്



