അടിമാലി: ബൈസണ്‍വാലി നാല്‍പ്പതേക്കറില്‍ സൂര്യകാന്തി വസന്തം. സൂര്യനെ നോക്കി ചിരിച്ച് നില്ക്കുന്ന സൂര്യകാന്തിപൂക്കളുടെ മനോഹാരിത ആരെയും ആകര്‍ഷിക്കും. പക്ഷെ അത് ആസ്വദിക്കാന്‍ പലപ്പോഴും നമുക്ക് തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കണം. എന്നാല്‍ ഇടുക്കിയുടെ മനോഹാരിത തേടിയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മനോഹരമായ സൂര്യകാന്തിപാടം ഒരുക്കിയിരിക്കുകയാണ് ബൈസണ്‍വാലിയിലെ കര്‍ഷകനും ടൂറിസം സംരംഭകനുമായ ജിജോ.
ബൈസണ്‍വാലി ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നാല്പ്പതേക്കറിലാണ് പച്ചപ്പിന് നടുവിലായി തലയുയര്‍ത്തി നില്ക്കുന്ന സൂര്യകാന്തി പൂക്കളുള്ളത്.വിടര്‍ന്ന് കാന്തി പടര്‍ത്തുന്ന സൂര്യകാന്തികള്‍ കാണാന്‍ തദ്ദേശിയരും സഞ്ചാരികളുമൊക്കെ ജിജോയുടെ സൂര്യകാന്തിപ്പാടത്തിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജിജോ ഇത്തരത്തില്‍ സൂര്യകാന്തി പാടം സഞ്ചാരികള്‍ക്കായി ഒരുക്കുന്നുണ്ട്. രണ്ട് ഭാഗത്തായിട്ടാണ് കൃഷി. ഒരു ഭാഗത്തെ പൂക്കാലം അവസാനിക്കുമ്പോള്‍ മറുഭാഗത്ത് പൂക്കാലം ആരംഭിക്കും.



