Education and careerTech

നൈപുണ്യ വികസനം;ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ

തൊഴിലാളികൾക്കായി ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ. കമ്പനിയുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന എജ്യുക്കേഷൻ ഹബ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനുമായി (MAHE) സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

ആപ്പിളിന്റെ ആഗോള വിതരണത്തിൽ വലിയൊരു പങ്കും ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. ഇതിനാലാണ് സംരംഭത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഫാക്ടറിയിലെ പ്രവർത്തനങ്ങൾക്കപ്പുറം സാങ്കേതികമായ കഴിവുകൾ നേടാനും,കരിയർ വളർച്ചയ്ക്കും സഹായം നൽകുന്ന തരത്തിലാണ് ഹബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ആധുനിക സാങ്കേതികവിദ്യകൾ പഠിക്കാനും, ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താനും, ഉൽ‌പാദനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ തൊഴിലാളികൾക്ക് വേഗത്തിൽ മനസിലാക്കാനും ഈ സംരംഭം കൂടുതൽ സഹായകരമാകുമെന്ന് ആപ്പിൾ പറയുന്നു.ഇന്ത്യയിലെ വിതരണക്കാരെ ശക്തിപ്പെടുത്തുന്നതിനൊപ്പം വൈദഗ്ധ്യമുള്ള തൊഴിൽ മെച്ചപ്പെടുത്തുക എന്നത് കൂടിയാണ് ആപ്പിൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.

2026 മാർച്ച് മുതൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുമെന്നും ,ഡിജിറ്റൽ സാക്ഷരത, സ്വിഫ്റ്റ് കോഡിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ അധ്യാപകരിൽ നിന്ന് പരിശീലകർക്കും വിദ്യാർത്ഥികൾക്കും നേരിട്ട് പഠിക്കാവുന്നതാണ്. രാജ്യത്തുടനീളമുള്ള വിതരണ ജീവനക്കാർക്ക് ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം ഇതിലൂടെ ലഭ്യമാകും. സ്വിഫ്റ്റ് കോഡിംഗ്, റോബോട്ടിക്‌സ്, ഓട്ടോമേഷൻ ടെക്‌നോളജി, സ്മാർട്ട് മാനുഫാക്ചറിംഗ് ,ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പ്രധാന മേഖലകളെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ തൊഴിലാളികളിൽ സാങ്കേതിക പരിശീലനം വികസിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചതിൽ കമ്പനി ആവേശത്തിലാണെന്നും ആപ്പിളിലെ എൻവിറോൺമെൻ്റ്, സപ്ലൈ ചെയിൻ ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് സാറാ ചാൻഡലർ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാർക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും ,പുതിയ തൊഴിൽ അവസരങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്നതിനും ഈ പദ്ധതി അവസരം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!