തിരുവനന്തപുരം വഴുതക്കാട് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാർ ബൈക്കിൽ ഇടിച് അപകടം: അപകടശേഷം നിര്‍ത്താതെ പോയി; രണ്ട് യുവാക്കള്‍ക്ക് പരുക്ക്
തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് സമീപം കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജിനും സുഹൃത്ത് നിവേദിനുമാണ് പരുക്കേറ്റ്. അപകടമുണ്ടാക്കിയ കാര്‍ നടന്‍ മണിയന്‍ പിള്ള രാജുവിന്റേതാണ്. താരം തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയതായും ആരോപണമുയരുന്നുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വരികയായിരുന്ന കാര്‍ വെള്ളയമ്പലത്തുനിന്ന് തമ്പാനൂരേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യൂടേണടിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ബൈക്കാണ് യുവാക്കള്‍ ഓടിച്ചിരുന്നത്. ഒരു യുവാവിന് നട്ടെല്ലിനും കൂടെയുണ്ടായിരുന്നയാള്‍ക്ക് കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. സൂരജിന് കാലിന് പൊട്ടലുണ്ട്. നിവേദിന്റെ രണ്ട് കാലിന്റേയും അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്.
കാറിന്റെ ആര്‍സി ഓണറുടെ പേര് സുധീര്‍ കുമാര്‍ രാജു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ മണിയന്‍പിള്ള രാജുവിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയത്. കാര്‍ ക്ലബ്ബില്‍ നിന്ന് അമിത വേഗതയിലാണ് ഇറങ്ങിയതെന്നാണ് ഉയരുന്ന ആരോപണം. ക്ലബ്ബില്‍ നിന്ന് ജവഹര്‍ നഗറിലെ വീട്ടിലേക്ക് പോകുകയായിരുന്നു താരം. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് മണിയന്‍പിള്ള രാജു സ്ഥിരീകരിച്ചെന്നാണ് വിവരം



