KeralaLatest NewsLocal news

ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴും

ഇടുക്കി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ പറഞ്ഞു. മാർച്ച് 31 നു മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവ അടച്ചു പൂട്ടുമെന്നും കളക്ടർ പറഞ്ഞു.ആനച്ചാൽ സ്കൈ ഡൈനിംഗിൽ സഞ്ചാരികൾ കുടുങ്ങിയതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.

സ്ഥാപനങ്ങളെ സംബന്ധിച്ച വിവരം പഞ്ചായത്ത് ജോയിൻറ് ഡയറക്ടർ കൈമാറി. ഇതിൽ അനുമതിയില്ലാത്തിടത്ത് ആയിരിക്കും ആദ്യം പരിശോധന നടത്തുക. പരിശോധനക്കായി വിവിധ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിക്കും. പുതിയതരം സാഹസിക വിനോദങ്ങൾക്കുള്ള മാനദണ്ഡം തയ്യാറാക്കൽ വേഗത്തിലാക്കാനും സ‍ർക്കാരിനോട് ആവശ്യപ്പെടുമെന്ന് കളക്ടർ പറഞ്ഞു.

ആനച്ചാൽ സ്കൈ ഡൈനിങ്, കുടുങ്ങിയത് അഞ്ചംഗ സംഘം

മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. രണ്ടര വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേരാണ് കുടുങ്ങിയത്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണം. 120 അടിയോളം ഉയരത്തിൽ മൂന്ന് മണിക്കൂറിലേറെയാണ് സംഘം കുടുങ്ങിയത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സെത്തി വടം ഉപയോഗിച്ചാണ് സഞ്ചാരികളെ സുരക്ഷിതമായി താഴെയെത്തിച്ചത്. സ്കൈ ഡൈനിങ്ങിന് ആകെയുണ്ടായിരുന്നത് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മാത്രം അനുമതിയാണെന്ന് കണ്ടെത്തി.

പുതിയ സാഹസിക വിനോദ മേഖലയായതിനാൽ, ഏതൊക്കെ വകുപ്പുകളുടെ അനുമതി വേണമെന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടുമില്ല. സുരക്ഷ ഓഡിറ്റ് പോലും നടത്താത്ത സ്കൈ ഡൈനിങിന് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു.സിപ്പ് ലൈൻ, ആകാശ സൈക്കിൾ തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് ടൂറിസം വകുപ്പിന് പുറമേ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉൾപ്പെടെ സുരക്ഷ ഓഡിറ്റ് പൂർത്തിയായ ശേഷമേ അന്തിമാനുമതി നൽകൂ. എന്നാൽ സ്കൈ ഡൈനിങ് പുതിയ ആശയമായതിനാൽ, ഏതൊക്കെ അനുമതി വേണമെന്ന് കാര്യത്തിൽ സർക്കാരിന് വ്യക്തത കുറവുണ്ട്. സാഹസിക വിനോദം പ്രോത്സാഹിപ്പിക്കുന്ന സൊസൈറ്റി മാത്രമാണ് പരിശോധിച്ചു അനുമതി നൽകിയിട്ടുള്ളത്. ഇത് അപര്യാപ്തമെന്ന് ആനച്ചാലിലെ സംഭവം അടിവരയിടുന്നു.

ആനച്ചാലിലെ സതേൺ സ്കൈസ് ഏറോഡൈനാമിക്സ് എന്ന സ്ഥാപനത്തിന് ഭക്ഷണശാല നടത്താനുള്ള അനുമതിയുമില്ലായിരുന്നു.സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 31 ഇനം സാഹസിക വിനോദ ഉപാധികൾക്കാണ് നിലവിൽ ലൈസൻസ് നൽകാൻ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഐഐടി പോലുള്ള സ്ഥാപനങ്ങളെയാണ് സുരക്ഷ പരിശോധനക്ക് ടൂറിസം വകുപ്പ് നിയോഗിക്കുക. വിദേശത്ത് പ്രാബല്യത്തിലുള്ള പല സാഹസിക മാതൃകകളും കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തുമെത്തിയിട്ടുണ്ട്. ഇവയ്ക്കുളള മാനദണ്ഡങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും തയ്യാറാക്കിയില്ലെങ്കിൽ ഇത്തരം അപകടങ്ങൾ ഇനിയുമുണ്ടായേക്കുമെന്നാണ് ആശങ്ക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!