ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് കാല്‍നൂറ്റാണ്ടിന്റെ നിറവില്‍; പ്രത്യേക ബിരുദദാന ചടങ്ങ് ഇന്ന്

ഇടുക്കി : ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മുന്‍നിരയില്‍ നില്ക്കുന്ന ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ് സ്ഥാപിതമായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. രജതജൂബിലിയുടെ നിറവില്‍ നില്ക്കുന്ന കോളേജിലെ 2021-2025 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക ബിരുദദാന ചടങ്ങ് (ഗ്രാജുവേഷന് ഡേ) ഇന്ന് (ഫെബ്രുവരി 7) നടക്കും. രാവിലെ 10 മുതല്‍ 2 മണി വരെ കോളേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജയപ്രകാശ് പി മുഖ്യപ്രഭാഷണം നടത്തും. സാങ്കേതിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വിനോദ് ബി ആര്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്,ഡീന്‍ (യു.ജി) ഡോ. ഷെരീഫ് ആര്.എം എന്നിവര്‍ സംസാരിക്കും.
ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസവും നവീനമായ ഗവേഷണ സൗകര്യങ്ങളും ഒരുക്കുന്നതില്‍ ഈ കാലയളവിനുള്ളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കോളേജിന് സാധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ നിരവധി കഴിവുറ്റ എഞ്ചിനീയര്‍മാരെയാണ് കോളേജ് ഇതുവരെ സമൂഹത്തിന് സംഭാവന ചെയ്തത്.



