അടിമാലി: വിരിഞ്ഞ് കാന്തി പൊഴിക്കുന്ന സൂര്യകാന്തി പൂക്കള്‍ മുമ്പ് തമിഴ്‌നാടന്‍ ഗ്രാമങ്ങളിലായിരുന്നു അധികവും കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഇടുക്കിയില്‍ പലയിടത്തും സൂര്യകാന്തി ചെടികളും പൂക്കളുമെല്ലാം കണ്ണിന് വിരുന്നാകുന്ന കാഴ്ച്ചയായി മാറിയിട്ടുണ്ട്. കൂട്ടത്തോടെ ഒരേ സമയം പൂവിട്ട് നില്‍ക്കുന്നതാണ് സൂര്യകാന്തി ചെടികളുടെ ഭംഗി.
അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തിന്റെ മുറ്റത്തും സൂര്യകാന്തി വസന്തത്തിന്റെ മനോഹര കാഴ്ച്ചയുണ്ട്. നൂറുകണക്കിന് സൂര്യകാന്തി ചെടികളാണ് പള്ളിമുറ്റത്തിനരികെ വിരിഞ്ഞ് ഭംഗി പൊഴിക്കുന്നത്. നവംബര്‍ മാസത്തിലായിരുന്നു സൂര്യകാന്തി തോട്ടം തയ്യാറാക്കി പരിപാലനം ആരംഭിച്ചതെന്നും ജനുവരി എത്തിയതോടെ ചെടികളില്‍ പൂക്കള്‍ വസന്തം തീര്‍ത്തുവെന്നും പള്ളിവികാരി ഫാ.മര്‍ക്കോസ് ചിറ്റേമാരിയില്‍ പറഞ്ഞു.
ചെടികളിലെ ഈ പുഷ്പ വസന്തം ഒരു മാസത്തിലധികം കാലം നീളും.തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു സൂര്യകാന്തി ചെടികളുടെ വിത്തുകള്‍ എത്തിച്ചത്.കഴിഞ്ഞ വര്‍ഷം ഏതാനും ചെടികളും പള്ളി മുറ്റത്ത് നട്ടിരുന്നു. ഇതിന്റെ വിത്തുകളും ഇത്തവണ നടുവാന്‍ ഉപയോഗിച്ചു. പള്ളി കമ്മിറ്റിയും കൈക്കാരന്‍മാരും വിശ്വാസികളുമെല്ലാം ചേര്‍ന്ന് ചെടികളുടെ പരിപാലനം മുമ്പോട്ട് കൊണ്ടു പോകുന്നു.
വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ്വിനൊപ്പം മാനസിക ഉല്ലാസം നല്‍കുന്നതിന് കൂടി പള്ളിയും പള്ളി മുറ്റത്തെ ഈ സൂര്യകാന്തി ചെടികളും കാരണമാകുന്നു. ദേശിയപാതയോരത്താണ് സൂര്യകാന്തികള്‍ പൂവിട്ട് നില്‍ക്കുന്നത് എന്നതിനാല്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്കും ഇത് മനോഹര കാഴ്ച്ചയാണ്.



