ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല; കീഴ്ഘടകങ്ങൾക്ക് അനാസ്ഥയെന്ന് CPIM നേതൃത്വം

സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് നേതൃത്വം. ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല. ജനങ്ങളുമായുള്ള ബന്ധത്തിൽ പോരായ്മ പരിപാടിയിൽ വ്യക്തമായെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ. ഗൃഹസന്ദർശന പരിപാടിയോട് കാണിക്കുന്ന അനാസ്ഥ തിരുത്താൻ ഇടപെടണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
ജനുവരി 15 മുതൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തി ജനങ്ങളെ കേൾക്കണമെന്നും പാർട്ടി നിലപാട് ബോധ്യപ്പെടുത്താനുമായിരുന്നു സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം.തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയെ തുടർന്നുളള തിരുത്തൽ നടപടിയുടെ ഭാഗമായിരുന്നു ഗൃഹസന്ദർശന പരിപാടി.ജനങ്ങളുമായുളള പാർട്ടിയുടെ ബന്ധത്തിലെ പോരായ്മ ഗൃഹസന്ദർശനത്തിൽ വ്യക്തമായെന്നാണ് സംസ്ഥാന സമിതിയുടെ നിരീക്ഷണം. ഏറ്റവും ഫലപ്രദമായി മാറ്റാൻ കഴിയുന്ന ഗൃഹസന്ദർശന പരിപാടി ഉദ്ദേശിച്ചപോലെ പൂർത്തികരിക്കാൻ കഴിഞ്ഞിട്ടില്ല ഫലപ്രദമായ ഈ കാമ്പയിനോട് കാണിക്കുന്ന കുറ്റകരമായ
അനാസ്ഥ തിരുത്തുന്ന വിധം എല്ലാ ഘടകങ്ങളും ഇടപെടമണമെന്നാണ് സംസ്ഥാന സമിതിയുടെ നിർദേശം.വോട്ടർമാരുമായും അവരുടെ കുടുംബങ്ങളുമായും അടുത്ത ബന്ധം സ്ഥാപിക്കണം. പാർട്ടിയിൽ നിന്നു വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരുന്നതിനുളള ഇടപെടൽ നടത്തണമെന്നും സംസ്ഥാന സമിതി നിർദേശിക്കുന്നു. സ്ത്രികളുടെ പ്രത്യേക സ്ക്വാഡ് രൂപീകരിക്കണം, ചെറുതും വലുതുമായ സമുദായ സംഘടനകളുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കണം. പട്ടികജാതി പട്ടികവർഗ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും സിപിഎം സംസ്ഥാന സമിതി കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



