പുസ്തകത്തിനിടയിൽ സൂക്ഷിച്ച് എംഡിഎംഎ കച്ചവടം: നെല്ലിക്കുഴി സ്വദേശി പോലീസ് പിടിയിൽ
കോതമംഗലം : പുസ്തകത്തിനിടയിൽ ഒളിപ്പിച്ച് എംഡിഎംഎ കച്ചവടം നടത്തുന്ന ഇരമല്ലൂർ സ്വദേശിയായ യുവാവിനെ എം.ഡി.എം.എയുമായി പിടികൂടി. കോതമംഗലം ഇരമല്ലൂർ സ്വദേശി കടങ്ങനാട്ട് സാജിദിനെയാണ് മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേത്യത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.
മൂവാറ്റുപുഴ പായിപ്ര സ്കൂൾപ്പടിയിൽ നിന്ന് 30.7 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

എംഡിഎംഎ ആവശ്യക്കാർക്ക് പുസ്തകം കൈമാറുന്നു എന്ന വ്യാജേനയാണ് ഇയാൾ എംഡിഎംഎ നൽകിയിരുന്നത്. അതുകൊണ്ടു തന്നെ പൊതു സ്ഥലങ്ങളിൽ പോലും പരസ്യമായി എംഡിഎംഎ കൈമാറിയാലും സമീപം നിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.
ഇയാളെ രണ്ടര മാസമായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഖത്തറിൽ പാർട്സ് വേൾഡ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന ആളാണ് സാജിദ്. നാലുമാസം മുൻപാണ് കേരളത്തിലെത്തിയത്. ഖത്തറിൽ വെച്ച് പരിചയപ്പെട്ട ചിക്കമംഗലൂർ സ്വദേശി ഷഹബാസ് ആണ് സാജിദിന് സ്ഥിരമായി എം.ഡി.എം.എ എത്തിച്ചു നൽകുന്നത്.



