KeralaLatest NewsLocal news

ഉടുമ്പന്‍ചോല-ചിത്തിരപുരം റോഡിന്റെയും, എല്ലക്കല്‍-ടീ കമ്പനി റോഡിന്റെയും പൂര്‍ത്തികരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു ;ജനങ്ങളുടെ ഐക്യത്തിലൂടെ കേരളം അതിജീവിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല-ചിത്തിരപുരം റോഡിന്റെയും, എല്ലക്കല്‍-ടീ കമ്പനി റോഡിന്റെയും പൂര്‍ത്തികരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് 800 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 30 റോഡുകളുടെയും 6 പാലങ്ങളുടെയും ഉദ്ഘാടനം ഉള്‍പ്പെടെയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. സംസ്ഥാനം പ്രതിസന്ധികളെ അതിജീവിച്ചത് ജനങ്ങളുടെ ഐക്യത്തിലൂടെയും ഒരുമയിലൂടെയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മികച്ച റോഡുകള്‍, പാലങ്ങള്‍, ഹൈടെക്ക് സ്‌കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ ഇവയെല്ലാം നാടിനോടും സാധാരണക്കാരോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
ചെമ്മണ്ണാറില്‍ നടന്ന ഉടുമ്പന്‍ചോല- ചിത്തിരപുരം റോഡിന്റെ പ്രാദേശിക ഉദ്ഘാടന യോഗത്തില്‍ എംഎം മണി എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ടീ കമ്പനിയില്‍ നടന്ന എല്ലക്കല്‍-ടീ കമ്പനി റോഡിന്റെ പ്രാദേശിക ഉദ്ഘാടനത്തില്‍ എ.രാജ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഉടുമ്പന്‍ചോല -ചിത്തിരപുരം റോഡ്

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള ഉടുമ്പന്‍ചോല -ചിത്തിരപുരം റോഡ് ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ഗ്രാമീണമേഖലയുടെ വികസനത്തിനും റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ആധുനിക നിലവാരത്തില്‍ റോഡ് പുനര്‍നിര്‍മ്മിച്ചത് കിഫ്ബി പദ്ധതിയില്‍ 178.24 കോടി രൂപ ചെലവിലാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38.40 കിലോമീറ്റര്‍ റോഡും 5 പാലങ്ങളും പൂര്‍ത്തീകരിച്ചു.
ഉടുമ്പന്‍ചോലയില്‍ നിന്ന് ആരംഭിച്ച് ചെമ്മണ്ണാര്‍, മാങ്ങാത്തൊട്ടി, നടുമറ്റം, എന്‍ആര്‍ സിറ്റി, പുന്ന സിറ്റി, രാജാക്കാട്, മുല്ലക്കാനം, കൊച്ചുപ്പ്, നാല്‍പ്പതേക്കര്‍, പൊട്ടന്‍കാട്, ദേശിയം, പവര്‍ഹൗസ്, ചിത്തിരപുരം എന്നീ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ റോഡ് നിലവില്‍ ഉടുമ്പന്‍ചോല, സേനാപതി, രാജകുമാരി, രാജാക്കാട്, ബൈസണ്‍ വാലി , പള്ളിവാസല്‍ പഞ്ചായത്തുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. റോഡിന്റെ നിര്‍മ്മാണത്തിലൂടെ ഇടുക്കി ജില്ലയിലെ കാര്‍ഷിക, ടൂറിസം മേഖലകള്‍ക്ക് ഉണര്‍വ് ലഭിക്കുകയും, ഉടുമ്പന്‍ചോലയില്‍ നിന്നും മൂന്നാര്‍ ടൂറിസം മേഖലയിലേക്കും, മലയോര വാണിജ്യ മേഖലകളിലേക്കും, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കും എത്തിച്ചേരുന്നതിനുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കി.
ഈ പദ്ധതിയില്‍ 7 മീറ്റര്‍ ക്യാരേജ് വേ, ക്യാരേജ് വേയുടെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഷോള്‍ഡറും, ഡ്രെയിനും ഉള്‍പ്പെടെയാണ് റോഡ് വികസിപ്പിച്ചിട്ടുള്ളത്. അതിനു പുറമെ സംരക്ഷണ ഭിത്തികള്‍, ഡ്രെയിനേജ്/ക്രോസ് ഡ്രെയിനേജ് പ്രവൃത്തികള്‍ എന്നിവയും ഉള്‍പ്പെടുന്നു. പദ്ധതിയില്‍ നാല്‍പതേക്കര്‍, വെറ്റിനറി ഹോസ്പിറ്റല്‍, ചപ്പാത്ത്, മാങ്ങാത്തൊട്ടി , ദേശീയം എന്നിവിടങ്ങളിലാണ് പാലങ്ങള്‍ പൂര്‍ത്തീകരിച്ചത്.

എല്ലക്കല്‍-ടീ കമ്പനി റോഡ്

എല്ലക്കല്‍-ടീ കമ്പനി റോഡ് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ 8.3 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ശബരിമല ഫെസ്റ്റിവല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ റോഡില്‍ 4.500 മുതല്‍ 5.500 മീറ്റര്‍ വീതിയില്‍ ക്യാരേജ് വേ ബിഎം ആന്റ് ബിസി നിലവാരത്തിലാണ് പുനര്‍നിര്‍മ്മിച്ചിട്ടുള്ളത്. ആവശ്യമായ ഇടങ്ങളില്‍ റോഡ് ഉപരിതലം കോണ്‍ക്രീറ്റ്, ഇന്റര്‍ലോക്ക് ടൈല്‍, സംരക്ഷണ ഭിത്തി, ഇരുവശങ്ങളിലും ഐറിഷ് ഓട, അപകട വളവുകളില്‍ ക്രാഷ് ബാരിയര്‍ അനുബന്ധ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ആധുനിക നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടുള്ളത്.

ചെമ്മാണ്ണാറില്‍ നടന്ന പ്രാദേശിക യോഗത്തില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസകര്‍, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അശോകന്‍, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം ബീന ബിജു, സേനാപതി ഗ്രാമപഞ്ചായത്തംഗം ആന്റോ തോമസ്, രാഷ്ട്രിയ കക്ഷി പ്രതിനിധികളായ വി.എന്‍ മോഹനന്‍, എന്‍.പി സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ടീ കമ്പനിയില്‍ സംഘടിപ്പിച്ച പ്രാദേശിക യോഗത്തില്‍ ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബു, ജില്ലാപഞ്ചായത്തംഗം ശങ്കര്‍കുമാര്‍.ജി, ത്രിതല പഞ്ചായത്തംഗങ്ങളായ രാജമ്മ രാധാകൃഷ്ണന്‍, ബിന്‍സി ആല്‍ബി, ഓമന ഉണ്ണികൃഷ്ണന്‍, ബിന്ദു സനല്‍കുമാര്‍, ബാലസുബ്രഹ്‌മണ്യം തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം:1) ഉടുമ്പന്‍ചോല-ചിത്തിരപുരം റോഡിന്റെ ശിലാഫലകം അനാച്ഛാദനം ചെമ്മണ്ണാറില്‍ എം.എം മണി എംഎല്‍എ നിര്‍വഹിക്കുന്നു.
2) എല്ലക്കല്‍ – ടീ കമ്പനി റോഡിന്റെ ശിലാഫലകം അനാച്ഛാദനം ടീ കമ്പനി ജംഗ്ഷനില്‍ എ.രാജ എംഎല്‍എ നിര്‍വഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!