കേരള സന്ദര്‍ശനത്തിനെത്തി ശ്രീലങ്കന്‍ പ്രതിനിധി സംഘം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രതിനിധി സംഘവുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. രണ്ട് എംപി മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ശ്രീലങ്കന്‍ സംഘവുമായി ചീഫ് സെക്രട്ടറി ഡോ. ജയതിലക്, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന് എന്നിവരും എം എ ബേബിയും വിവിധ വിഷയങ്ങള്‍ പങ്കുവച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ നേതൃത്വത്തിലാണ് പ്രത്യേക അതിഥികളായി ആറംഗ സംഘം കേരളത്തിലെത്തിയത്. ശ്രീലങ്കയിലെ എം പിമാരായ കിറ്റ്നന് സെല്‍വരാജ്, കരുണാനന്ദന്‍ ഇളങ്കുമരന്, പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എം ടില്‍വിന്‍ സില്‍വ, സെന്‍ട്രല്‍ കമ്മിറ്റി അംഗവും ഇന്റര്‍ കമ്പനീസ് എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായ ജാനക അധികാരി, മീഡിയ യൂണിറ്റ് മേധാവി ഹേമതിലക ഗാമേജ്, അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കായുള്ള കമ്മിറ്റി അംഗം ബി.ആര്. കല്‍പ്പന മധുഭാഷിണി എന്നിവരാണ് സംഘാംഗങ്ങള്‍.
ഫെബ്രുവരി 5 ന് ഡല്‍ഹിയിലെത്തിയ സംഘം ഡല്‍ഹിയിലും അഹമ്മദാബാദിലും സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെത്തിയത്. വിവിധ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം ഫെബ്രുവരി 12 ന് സംഘം കൊളംബോയിലേക്ക് മടങ്ങും.



