
ഇടുക്കി ഡാമിലെ ലേസര്‍ഷോ പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ ( ഫെബ്രുവരി 13 ) വെള്ളിയാഴ്ച രാവിലെ 11.30 ന് ഇടുക്കി ഡി.റ്റി.പി.സി. പാര്‍ക്കിന് സമീപം ശിലാഫലകം അനാഛാദനം ചെയ്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി. മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍.മീണ സ്വാഗതം ആശ്വസിക്കും.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമായ ഇടുക്കി ഡാമിന്റെ പ്രതലത്തിലാണ് വിനോദ സഞ്ചാരികളുടെ കണ്ണുകളെ വിസ്മയിപ്പിക്കുന്ന ലേസര്‍ഷോ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. കെ.എസ്.ഇ.ബി. ലിമിറ്റഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാര മേഖലയിലെ നൂതന സംരംഭമായ കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ കീഴിലാണ് ഈ പദ്ധതി. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, കെ.എസ്.ഇ.ബി. സിഎംഡി മിന്‍ഹാജ് ആലം, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യരാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



