ശബരിമല സന്നിധാനത്ത് എസ്‌ഐടിയുടെ ശാസ്ത്രീയ പരിശോധന; സ്വര്‍ണപ്പാളി സാമ്പിള്‍ ശേഖരിച്ചു

ശബരിമല സന്നിധാനത്ത് എസ്‌ഐടിയുടെ ശാസ്ത്രീയ പരിശോധന. ശ്രീകോവിലിന് പിന്‍ഭാഗത്തെ സ്വര്‍ണപാളിയില്‍ നിന്നടക്കം സാമ്പിള്‍ ശേഖരിച്ചു.നട തുറന്നതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ശ്രീകോവിലിന് സമീപത്തേക്ക് എത്തുകയായിരുന്നു. ഇന്നും നാളെയുമായിട്ടാണ് പരിശോധന.
അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാരുടെ പണമിടപാടുകളിലാണ് ദേവസ്വം വിജിലന്‍സിനോട് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവില്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരമെന്ന എസ്‌ഐടി റിപ്പോര്‍ട്ടിലാണ് അന്വേഷണ ഉത്തരവ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നെന്നാണ് കണ്ടെത്തല്‍. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്നും, മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ അന്വേഷണമാണിത്.
ഇതിനിടെ, കട്ടിളപാളി കേസില്‍ കസ്റ്റഡി കാലാവധി 90 ദിവസം പൂര്‍ത്തിയായതോടെയാണ് കെ എസ് ബൈജുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ദ്വാരപാലക പാളി കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ ജയില്‍ തുടരേണ്ടിവരും. സ്വര്‍ണക്കൊള്ളയില്‍ ഇ ഡി നടപടിയും ശക്തമാക്കുകയാണ്. ചോദ്യം ചെയ്യലിന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് സമന്‍സ് അയച്ചു. ഇന്നലെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെയും ചോദ്യം ചെയ്യും.



