
ഇടുക്കി :വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ പര്യടനം നടത്തുന്ന വോട്ടുവണ്ടി ഇടുക്കി കളക്ടറേറ്റ് അങ്കണത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു. പി ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്തു. വോട്ടിംഗുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും മാറ്റുക, വോട്ടിംഗ് മെഷീന് പരിചയപ്പെടുത്തുക, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയവയാണ് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പദ്ധതിയുടെ ഭാഗമായുള്ള വോട്ടുവണ്ടി പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. ഉടുമ്പന്‍ചോല മണ്ഡലത്തിലേക്കുള്ള വോട്ടുവണ്ടിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
ജില്ലയില്‍ പര്യടനത്തിന് 5 വോട്ടുവണ്ടികളാണ് ഉള്ളത്. വിവിപാറ്റ് മെഷീന്, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വണ്ടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഫ്ളാഗ് ഓഫ് ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വോട്ടിംഗ് മെഷീന് കണ്ട്രോള് യൂണിറ്റ് ഉടുമ്പന്‍ചോല റിട്ടേണിങ് ഓഫീസര്‍ സുഹ്റ എ യ്ക്ക് കൈമാറി. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ്, ഇലക്ഷന് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



