KeralaLatest News

ആലിന്‍ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

മലയാളക്കരയുടെ നോവും അഭിമാനവുമായി മാറിയ ആലിന്‍ എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകള്‍ പത്ത് വയസുകാരി ശ്രേയയ്ക്ക് നല്‍കിയത് പുതുജീവിതം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. കിംസില്‍ നടക്കുന്ന കരള്‍ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ഇതുവരെ യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനാണ് കരള്‍ ലഭിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ഡ്രിയ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിനും സ്വീകര്‍ത്താവായി ഡ്രിയയും മാറുകയാണ്.

ഇന്നലെ രാത്രിയോടെ റോഡ് മാര്‍ഗമാണ് ആലിന്റെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചത്. മൂന്നേകാല്‍ മണിക്കൂറുകള്‍ കൊണ്ടാണ് അവയവങ്ങള്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവായ ആലിനിലൂടെ 4 പേര്‍ക്കാണ് പുതുജീവന്‍ ലഭിക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ ആലിന്റെ ഭൗതിക ശരീരത്തിന് ആദരം അര്‍പ്പിച്ച ശേഷമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പിതാവ് അരുണിനും മാതാവ് ഷെറിനും ഉറ്റവര്‍ക്കുമേറ്റ വേദനയ്ക്കൊപ്പം നില്‍ക്കുകയും ആ കുടുംബത്തിന്റെ തീരുമാനത്തിന് നന്ദി പറയുകയും ചെയ്യുകയാണ് മലയാളക്കര. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കുതിക്കുന്ന ആംബുലന്‍സിന് വേഗം ചോരാതിരിക്കാന്‍ ഈ നാട് ഒട്ടാകെ വഴിയൊരുക്കി. ഹൃദയത്തിന്റെ വാല്‍വും കരളും വൃക്കകളും തന്നോളം പോകുന്നവര്‍ക്ക് സമ്മാനിക്കാന്‍ തിരുവനന്തപുരം വരെ നീളുന്ന യാത്രയാണ് ഇന്നലെ രാത്രിയോടെ നടന്നത്. കണ്ണുകളിലൂടെ ഇനിയും കാഴ്ചകള്‍ കാണട്ടെ എന്ന് അവളുടെ മാതാപിതാക്കള്‍ നുറുങ്ങുന്ന വേദനയിലും തീരുമാനമെടുക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!