ദേശിയപാതയിലെ നിര്‍മ്മാണ പ്രതിസന്ധി; അടിമാലിയില്‍ ബഹുജന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
അടിമാലി: ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ബഹുജന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.
ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ടിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. വിഷയത്തില്‍ പ്രശ്‌ന പരിഹാരം കണ്ടെത്തി റോഡ് നിര്‍മ്മാണം പുനരാരംഭിക്കുന്നത് ഇനിയും വൈകുന്ന സാഹചര്യത്തിലാണ് ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും ഒരു ബഹുജന പ്രക്ഷോഭത്തിന് കളമൊരുങ്ങിയത്.
വിഷയത്തില്‍ സമാന മനസ്സുള്ളവരെ പങ്കെടുപ്പിച്ച് അടിമാലിയില്‍ ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന സത്യാഗ്രഹ സമരം നടന്നു.അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി സത്യാഗ്ര സമരം ഉദ്ഘാടനം ചെയ്തു. ദേശിയപാത 85ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിഷയം അനാവശ്യമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി ചീഫ് സെക്രട്ടറി തലത്തില്‍ ഇടപെടല്‍ നടത്തി വീണ്ടും വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സമയം നഷ്ടപ്പെടുത്തുകയാണ്.
സര്‍ക്കാരിന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നിരിക്കെ ഏതാനും ദിവസങ്ങള്‍ മാത്രം മതി ഈ വിഷയം പരിഹരിക്കാനെന്നും എം പി പറഞ്ഞു. പ്രതിഷേധ സൂചകമായി സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ നേതൃത്വത്തില്‍ അടിമാലി ടൗണില്‍ ദേശിയപാത ഉപരോധിച്ചു. പ്രതിഷേധക്കാര്‍ ദേശിയപാത ഉപരോധിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിക്കുന്നു.
പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് സമരത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ദേശിയപാത സംരക്ഷണ സമിതി നേതാക്കള്‍, കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.



