നാലംഗ കുടുംബം വീടിന് തീ പിടിച്ച് മരിച്ച സംഭവം; അന്വേഷണം ത്വരിതപ്പെടുത്തണം, 20ന് കൊന്നത്തടി പഞ്ചായത്തില്‍ ഹര്‍ത്താലിനാഹ്വാനം

അടിമാലി: അടിമാലി കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിന് തീ പിടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 20ന് കൊന്നത്തടി പഞ്ചായത്തില്‍ ജനകീയ സമിതി ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 6 മുതല്‍ വൈകിട്ടാറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കൊമ്പൊടിഞ്ഞാലില്‍ 4 അംഗ കുടുംബം തീപിടുത്തത്തില്‍ മരിച്ച സംഭവമുണ്ടായി 9 മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് ജനകീയ സമിതിയുടെ ആരോപണം. കഴിഞ്ഞ മേയ് 9നാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലംഗ കുടുംബം വീടിന് തീ പിടിച്ച് മരിച്ച സംഭവത്തില്‍ നിഗൂഡതകള്‍ ഏറെയുണ്ടായിട്ടും ഈ നീഗൂഡത നീക്കാന്‍ അന്വേഷണ സംഘത്തിന് കഴിയുന്നില്ലെന്നാണ് ജനകീയ സമിതിയുടെ ആക്ഷേപം .
വീടിന് തീ പിടിച്ചതെങ്ങനെ, ഒരു മൃതദേഹമൊഴികെ മറ്റ് മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി തന്നെ കത്തിചാമ്പലായതെങ്ങനെ തുടങ്ങി വിവിധ സംശയങ്ങള്‍ ജനകീയ സമിതി മുമ്പോട്ട് വയ്ക്കുന്നു. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ അനില്‍ വിളക്കുന്നേല്‍, കണ്‍വീനര്‍ വിനോദ് കറുകപ്പിള്ളില്‍, ശുഭയുടെ സഹോദരന്‍ വി എസ് ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.



