നവകേരള സര്‍വേയില്‍ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍;സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍

നവകേരള സര്‍വേയില്‍ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. സര്‍വേ റദ്ദാക്കിയ നടപടിക്കെതിരെയാണ് നീക്കം. സര്‍വേയുടെ ലക്ഷ്യം തുടര്‍ഭരണം ഉറപ്പിക്കലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. ഒക്ടോബറില്‍ നവകേരള സര്‍വേയുടെ ജില്ലാതല നിര്‍വഹണ സമിതി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലായിരുന്നു പരാമര്‍ശം.സര്‍വേയുമായി എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുഖ്യമന്ത്രി വിവരിക്കുന്നുണ്ട്.
ശബ്ദരേഖ പുറത്തുവന്നതോടെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും കള്ളങ്ങള്‍ മറനീക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. നവ കേരള സര്‍വേ ഹൈക്കോടതി ഇടപെട്ട് തടഞ്ഞത് നാട്ടുകാരുടെ ചിലവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള ശ്രമമായത് കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സര്‍വേക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. ഇതിനെതിരെയാണ് കെഎസ്‌യു നേതാക്കളായ അലോഷ്യസ് സേവ്യര്‍, മുബാസ് എന്നിവര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്. പദ്ധതിക്ക് പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചു. തുടര്‍ന്നാണ് സര്‍വേ റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് ഹൈകോടതി കടന്നത്. നവകേരള സര്‍വേ പദ്ധതിക്ക് ബജറ്റ് അലോക്കേഷനോ ധനകാര്യ അനുമതിയോ ഇല്ല എന്ന് കോടതി നീരീക്ഷിച്ചു. സര്‍വ്വേ നിയമവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ബെഞ്ച് വ്യക്തമാക്കി.



