അതിര്‍ത്തി കൈയടക്കി അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘങ്ങള്‍: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ലഹരികടത്ത് തുടരുന്നു.

ഇടുക്കി : കഴിഞ്ഞദിവസം ലോവര്‍ക്യാമ്പില്‍ സ്ത്രീ അടക്കം മൂന്നംഗ സംഘത്തെ വന്‍ ലഹരിയുമായി പിടികൂടിയിരുന്നു. കാറില്‍ രഹസ്യ അറയുണ്ടാക്കി 35 കിലോ കഞ്ചാവാണ് സംഘം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. തമിഴ്നാട്ടിലെ മധുര സ്വദേശികളായ മുനിര്‍ സ്വാമി, ബാലസുബ്രമണ്യം, സെല്‍വി എന്നിവരാണ് പിടിയി ലായത്. കാറിന്റെ രഹസ്യ അറയില്‍ നാലു പൊതികളായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സമീപ മാസങ്ങളില്‍ സമാനമായി കഞ്ചാവ് അടക്കമുള്ള ലഹരി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരവധിപേരാണ് പിടിക്കപ്പെട്ടത്.
ലക്ഷക്കണക്കിനു രൂപയുടെ ലഹരിയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അതിര്‍ത്തി മേഖലകളില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞദിവസം പിടിയിലായ സംഘം കോട്ടയം, എറണാകുളം. ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് കഞ്ചാവ് എത്തിച്ചുനല്‍കുന്നതെന്നാണ് വിവരം. ആഡംബര കാറുകളില്‍ രഹസ്യ അറകളുണ്ടാക്കിയാണ് മിക്കവരും കഞ്ചാവ് കടത്തുന്നത്. വാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉണ്ടാകുമെന്നതിനാല്‍ തന്നെ പരിശോധനകളില്‍നിന്നും രക്ഷപ്പെടാനാകും. മധ്യകേരളം കേന്ദ്രീകരിച്ചുള്ള വന്‍ സംഘം തന്നെ ലഹരി കടത്തിനു പിന്നിലുണ്ടെന്നാണ് വിവരം.
അടുത്തിടെ കേരള- തമിഴ്നാട് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തില്‍ ലഹരി കടത്ത് തടയുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ശബരിമല യുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം കൂടി ഉന്നയിച്ചത്.
തുടര്‍ന്ന് തമിഴ്നാട്ടിലെ ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തി വരികയാണ്. അതേസമയം ലഹരി സംഘങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ വരുന്നത് അന്വേഷണ സംഘത്തിനു തിരിച്ചടിയാകുന്നുണ്ട്. പിടിക്കപ്പെടുന്നവര്‍ ക്യാരിയര്‍ മാത്രമാണെന്നാണ് അന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കുന്നത്.
ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



