നിയന്ത്രണങ്ങൾ ഇല്ലാതെ ഇടുക്കി ഡാം സന്ദർശിക്കാം, ടൂറിസം മേഖലയ്ക്ക് ആശ്വാസം, മാറ്റങ്ങൾ അറിയാം

തൊടുപുഴ: ഇടുക്കി ഡാമിലേക്കുള്ള സന്ദർശക നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം ടൂറിസംമേഖലയ്ക്ക് ആശ്വാസം പകരും. നിലവിൽ 800 പേർക്കുമാത്രം തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിലാണ് സന്ദർശനം അനുവദിക്കുന്നത്. കാൽനടയായി സഞ്ചരിക്കാനും അനുമതിയില്ല. പകരം ബഗ്ഗി കാറിൽ വലിയ ഫീസ് നൽകിയാണ് കൊണ്ടുപോകുന്നത്.
ഈ നിയന്ത്രണങ്ങളാണ് എടുത്തുകളഞ്ഞത്. ഇടുക്കി മണ്ഡലത്തിൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
അടുത്തമാസം ആദ്യം തന്നെ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നുകൊടുക്കും. നിലവിൽ ബഗ്ഗി കാറിൽ ദിവസം 800 പേർക്കുമാത്രമാണ് സന്ദർശനം അനുവദിക്കുന്നത്. നിയന്ത്രണം ഒഴിവാക്കി കാൽനടയായും സന്ദർശകരെ അനുവദിക്കണമെന്നും മന്ത്രിയുടെ നിർദേശം യോഗത്തിൽ അംഗീകരിച്ചു.
മൂലമറ്റത്ത് സബ് രജിസ്ട്രാർ ഓഫീസും സബ് ട്രഷറി ഓഫീസും സ്ഥാപിക്കാൻ കെഎസ്ഇബിയുടെ ഉടമസ്ഥാവകാശത്തിലുള്ള സ്ഥലം വിട്ടുനൽകാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി. നിലവിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള സ്ഥലവും ഫയർ സ്റ്റേഷന് സമീപമുള്ള സ്ഥലവുമാണ് പരിഗണനയിൽ.
ഇതിൽ കൂടുതൽ അനുയോജ്യമായ സ്ഥലം നടപടിക്രമം വേഗത്തിൽ പൂർത്തിയാക്കി കൈമാറാനാണ് ധാരണയായത്. മൂലമറ്റത്ത് ആധുനിക രീതിയിലുള്ള പൊതുശ്മശാനത്തിനായി കണ്ടെത്തിയ സ്ഥലവും കൈമാറാൻ തീരുമാനമായി.
വടക്കേപ്പുഴ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലികൾ ജനുവരിയോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. മൂലമറ്റം പവർ ഹൗസ് മിനിയേച്ചർ പദ്ധതിക്കായുള്ള സ്ഥലം, ഇടുക്കി ഡാം പ്രതലത്തിൽ ലേസർ ഷോ എന്നിവയുമായുള്ള ബന്ധപ്പെട്ട് നിരാക്ഷേപപത്രം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.