KeralaLatest NewsLocal news

കുട്ടിക്കാനം- പുളിയന്‍മല ഹൈവേ നിര്‍മാണം അവസാന ഘട്ടത്തില്‍

ഹൈറേഞ്ചിലെ ഗതാഗത രംഗത്ത്‌ വമ്പൻ കുതിച്ചു ചാട്ടവുമായി കുട്ടിക്കാനം- പുളിയന്‍മല മലയോര ഹൈവേ നിര്‍മാണം അവസാന ഘട്ടത്തില്‍. കിഫ്‌ബി വഴി അനുവദിച്ച 144 കോടി രൂപ മുടക്കിയാണ്‌ റോഡ്‌ നിര്‍മാണം യാഥാര്‍ഥ്യമായത്‌. കുണ്ടും കുഴിയും നിറഞ്ഞ കുട്ടിക്കാനം- കട്ടപ്പന റോഡ്‌ എന്നും വാഹന യാത്രികര്‍ക്ക്‌ പേടി സ്വപ്‌നമായിരുന്നു. മതിയായ വീതിയില്ലാതിരുന്നതും അശാസ്‌ത്രീയമായ നിര്‍മാണവും അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നുണ്ടായിരുന്നു.

കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ചെങ്കിലും മലഞ്ചെരുവുകളിലെ വീതി കൂട്ടലും വശങ്ങള്‍ ബലപ്പെടുത്തലും വലിയ വെല്ലുവിളിയായി.
കുട്ടിക്കാനം മുതല്‍ ചപ്പാത്ത്‌ വരെയുള്ള ആദ്യ ഘട്ടത്തിലാണ്‌ നിര്‍മാണത്തില്‍ വെല്ലുവിളികള്‍ നേരിട്ടത്‌. മലയോര ഹൈവേയില്‍ 88 കോടി മുതല്‍ മുടക്കുള്ള കുട്ടിക്കാനം- ചപ്പാത്ത്‌ ഒന്നാംഘട്ടം 2023 ജൂണിലാണ്‌ പൂര്‍ത്തീകരിച്ചത്‌. തേയിലത്തോട്ടം ഉടമകള്‍ സ്‌ഥലം വിട്ടു നല്‍കാതിരുന്നതും ആദ്യ ഘട്ടത്തില്‍ പ്രതിസന്ധിയായെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടു. സ്‌ഥലം ഏറ്റെടുപ്പ്‌ പൂര്‍ത്തിയായതോടെ നിര്‍മാണം അതിവേഗത്തിലായി. കുട്ടിക്കാനം മുതല്‍ കെ. ചപ്പാത്ത്‌ വരെയുള്ള ഭാഗത്ത്‌ വലിയ കല്‍ക്കെട്ടുകള്‍ പൂര്‍ത്തിയാക്കിയാണ്‌ വീതി കൂട്ടല്‍ നടന്നത്‌.

വാഗമണ്‍- തേക്കടി, വാഗമണ്‍- അഞ്ചുരുളി, വാഗമണ്‍- ഇടുക്കി, വാഗമണ്‍- മൂന്നാര്‍ തുടങ്ങി വിനോദ സഞ്ചാര മേഖലകളെ കോര്‍ത്തിണക്കുന്ന റോഡ്‌ കൂടിയാണിത്‌. നിലവില്‍ ചപ്പാത്ത്‌ മുതല്‍ കട്ടപ്പന വരെയുള്ള രണ്ടാം റീച്ചില്‍ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്‌. നരിയമ്ബാറ- കട്ടപ്പന, മേരികുളം- നരിയമ്ബാറ, ചപ്പാത്ത്‌- മേരികുളം എന്നീ മൂന്ന്‌ ഘട്ടങ്ങളായി ടാറിങ്‌ പൂര്‍ണമായും പൂര്‍ത്തീകരിച്ചു. ലൈന്‍ മാര്‍ക്കിങ്‌, നെയിം ബോര്‍ഡുകളും വഴിവിളക്കുകളും സ്‌ഥാപനങ്ങള്‍, ഐറിഷ്‌ ഓടകളുടെ കോണ്‍ക്രീറ്റിങ്‌ ഉള്‍പ്പെടെയുള്ള ജോലികള്‍ അവസാനഘട്ടത്തിലാണ്‌.

വെള്ളിലാംകണ്ടം മണ്‍പാലവും നവീകരിച്ചതില്‍പെടുന്നു. മൂന്നാം റീച്ചായ കട്ടപ്പന മുതല്‍ പുളിയന്‍മലവരെ ടെണ്ടര്‍ പൂര്‍ത്തിയായിട്ടുണ്ട്‌. 44 കോടി രൂപ മുതല്‍മുടക്കിലാണ്‌ നിര്‍മാണം.ബോളിവുഡ്‌ നടനും മോഡലും നിര്‍മാതാവുമായ ദീര്‍ഘദൂര ഓട്ടകാരന്‍ മിലന്ദ്‌ സോമന്‍ ഈ മാസം 22 ന്‌ മലയോര ഹൈവേയിലൂടെ ഓടും. മലയോര ഹൈവേയിലെ ഏലപ്പാറ മുതല്‍ കാഞ്ചിയാര്‍ പള്ളികവല വരെയാണ്‌ മിലന്ദ്‌ സോമന്‍ ഓടനായെത്തുന്നത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!