കൊമ്പൊടിഞ്ഞാലില് 4 പേര് വീടിന് തീ പിടിച്ച് മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില് ഒരു കുടുംബത്തിലെ നാല് പേര് വീടിന് തീ പിടിച്ച് മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കഴിഞ്ഞ മേയ് 9നാണ് കൊന്നത്തടി കൊമ്പൊടിഞ്ഞാലില് തെള്ളിപ്പടവില് പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില് വെന്തു മരിച്ച നിലയില് കണ്ടെത്തിയത്. വീടിന് തീ പിടിച്ചുണ്ടായ ദുരന്തത്തില് ദുരൂഹതയുണ്ടെന്ന സംശയം മരിച്ച ശുഭയുടെ ബന്ധുക്കളടക്കം ജനകീയ സമിതിയും മുമ്പോട്ട് വയ്ക്കുന്നുണ്ട്.
എന്നാല് സംഭവം നടന്ന് 9 മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റേതാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോയ് മാത്യുവിനാണ് അന്വേഷണ ചുമതല. കേസന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ഇന്ന് കൊന്നത്തടി പഞ്ചായത്തില് ഹര്ത്താലിനാഹ്വാനം ചെയ്തിരുന്നു.
4 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായതെങ്ങനെ, ഒരു മൃതദേഹമൊഴികെ മറ്റ് മൃതദേഹങ്ങള് പൂര്ണ്ണമായി തന്നെ കത്തിചാമ്പലായതെങ്ങനെ തുടങ്ങി വിവിധ സംശയങ്ങള് ജനകീയ സമിതി മുമ്പോട്ട് വയ്ക്കുന്നു. ഒപ്പം സംഭവത്തില് മറ്റ് ചില ദുരൂഹതകള് ഉള്ളതായും ജനകീയ സമതി ആരോപിക്കുന്നു. ഇക്കാര്യങ്ങളിലൊക്കെയും വസ്തുതപരമായ അന്വേഷണം വേണമെന്നാണ് ജനകീയ സമതിയുടെ ആവശ്യം.



