HealthKeralaLatest News

ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഷാഹിദ ജെ, നഴ്‌സിംഗ് ഓഫീസര്‍ ധന്യ പി എസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കൊളേജ് പ്രിന്‍സിപ്പലിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘത്തെ നിയമിച്ചിരുന്നു. ഈ സംഘത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പില്‍ നിന്നും നടപടിയുണ്ടായിരിക്കുന്നത്. ഡോ. ഷാഹിദ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് ഉഷാ ജോസഫ് എന്ന വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടര്‍ച്ചയായ രക്തസ്രാവവുമുണ്ടായി. വര്‍ഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവില്‍ ഒരു യൂറോളജി ഡോക്ടറാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം വിശദമായി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!