KeralaLatest NewsLocal news

സംസ്ഥാനത്തെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ്; ‘നീലി’ വിരമിച്ചു; ഇനി വിശ്രമ ജീവിതം…

ചെറുതോണി : സംസ്ഥാനത്തെ ആദ്യത്തെ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ (ബ്രൂസ്) 11 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി. കുയിലിമലയിലെ ‘ഇടുക്കി കെ 9 സ്ക്വാഡ്’ കെട്ടിട സമുച്ചയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു നിർവഹിച്ചു. അഡിഷനൽ പൊലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ, കെപി അഞ്ചാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റന്റ് പി.എം.ജിജിമോൻ എന്നിവർ സേനയിൽ നീലിയുടെ സേവനങ്ങളെ അനുസ്മരിച്ചു. ഇൻസ്‌പെക്ടർ സുരേഷ് ബാബു, സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു. രഞ്ജിത്ത് മോഹൻ, ജെറി ജോർജ് എന്നിവരായിരുന്നു നീലിയുടെ ഹാന്റ്‍ലർമാർ
നീലി 2015 ജൂൺ 30 ന് ആണ് ശ്വാന സേനയുടെ ഭാഗമാകുന്നത്.

ലാബ്രഡോർ ഇനത്തിൽപ്പെട്ട നീലിക്ക് അന്ന് മൂന്ന് മാസം മാത്രമായിരുന്നു പ്രായം. തൃശൂരിലെ ട്രെയ്നിങ് അക്കാദമിയിലേക്ക് പരിശീലനത്തിനായി കൊണ്ടു പോകുമ്പോൾ അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫാണ് ബ്രൂസിനെ നർക്കോട്ടിക് സ്നിഫർ ആക്കുന്നതിനു നിർദേശിച്ചത്. ഡോഗ് സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് മോഹനും, ജെറി ജോർജും അന്നുമുതൽ നീലിയുടെ ഇടത്തും വലത്തുമായി. തൃശൂർ പൊലീസ് അക്കാദമിയിലെ ഒൻപത് മാസത്തെ പരിശീലനത്തിനു ശേഷം ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെത്തിയ നീലി, ലഹരി മരുന്ന് വേട്ടയിൽ പൊലീസിനു കരുത്തായി . ​സേനയിൽ നിന്നും വിരമിച്ചെങ്കിലും നീലി ഇനിയും രഞ്ജിത്തിനൊപ്പം തുടരും.

വിരമിച്ച പൊലീസ് നായ്ക്കളെ ഹാൻഡ്‌ലർ ആവശ്യപ്പെട്ടാൽ കൈമാറാമെന്ന മുൻ ഡിജിപിയുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്ത് മോഹൻ നീലിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. സേനയിലെ വിവിധ നടപടിക്രമങ്ങൾക്കു ശേഷം ഇന്നലെ തന്നെ നീലി രഞ്ജിത്തിനു സ്വന്തമായി. വിടവാങ്ങൽ ചടങ്ങുകൾക്കു ശേഷം തൊടുപുഴയിലെ വീട്ടിലേക്കു കൊണ്ടു പോയി. നീലിക്കു അവിടെ പുതിയ കൂടും ഒരുക്കിയിരുന്നു. സേനയിൽ നിന്നും വിരമിച്ചെങ്കിലും തൽക്കാലം പഴയ മെനു അനുസരിച്ചുള്ള ഭക്ഷണ ക്രമമാണെന്നും ജീവിതചര്യയിലും മാറ്റം വരുത്താൻ പദ്ധതിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!