
മാങ്കുളം :വനംവകുപ്പിനെതിരെ പ്രതിഷേധ സമരവുമായി കുറത്തിക്കുടി ഉന്നതിയിലെ ആളുകൾ. ആദിവാസി ഉന്നതിയുടെ വികസനത്തിന് വനംവകുപ്പ് തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് മാങ്കുളം പെരുമ്പൻകുത്തിലെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഔട്ട് പോസ്റ്റ് ഉപരോധിച്ചു. രാവിലെ പത്തരയോടെയായിരുന്നു കുറത്തിക്കുടി ആദിവാസി ഉന്നതിയിലെ സ്ത്രീകളും പ്രായമായവരുമടങ്ങുന്ന ആളുകൾ പ്രതിഷേധമായി മാങ്കുളം പെരുമ്പൻകുത്തിലെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഔട്ട് പോസ്റ്റിന് മുമ്പിലേക്ക് എത്തിയത്.
അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡാണ് കുറത്തിക്കുടി. കുറത്തിക്കുടി ഉന്നതിയുടെ വികസനത്തിന് വനംവകുപ്പ് തടസ്സം നിൽക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. കുറത്തിക്കുടി പെരുമ്പൻകുത്ത് റോഡിലൂടെ പ്രകടനമായെത്തിയ പ്രതിഷേധക്കാരെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിൻ്റെ കവാടത്തിൽ പോലീസ് തടഞ്ഞു. ഫോറസ്റ്റ് ഔട്ട് പോസ്റ്റ് താഴിട്ട് പൂട്ടിയിട്ടേ മടങ്ങുവെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു.പ്രശ്ന പരിഹാരത്തിനായി ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തണമെന്ന ആവശ്യമുന്നയിച്ച് സമരക്കാർ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കുറത്തിക്കുടി ഉന്നതിയിലേക്ക് ബസ് സർവീസ് തുടങ്ങുന്നതിന് വനംവകുപ്പ് തടസ്സം നിൽക്കുന്നു, ഉന്നതിവഴി കടന്നു പോകുന്ന റോഡുകളുടെ വികസനം വനംവകുപ്പ് തടയുന്നു, വന്യമൃഗ ശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുന്നത് വൈകുന്നു തുടങ്ങി വിവിധ ആരോപണങ്ങളാണ് പ്രതിഷേധക്കാർ മുമ്പോട്ട് വയ്ക്കുന്നത്.
രാവിലെ പത്തിനാരംഭിച്ച പ്രതിഷേധം മണിക്കൂറുകളോളം നീണ്ടു. നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൻ്റെ ഭാഗമായി. സമരം കൂടുതൽ ശക്തിയാർജിച്ചതോടെ അടിമാലി, മൂന്നാർ, വെള്ളത്തൂവൽ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പോലീസ് പ്രതിഷേധ സ്ഥലത്തേക്കെത്തി.
സമയം ഉച്ചയോട് അടുത്തതോടെ പ്രതിഷേധക്കാർ അരിയുൾപ്പെടെ എത്തിച്ച് ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപം കഞ്ഞി വച്ചും പ്രതിഷേധിച്ചു. ഇതിനിടെ പ്രശ്നം ചർച്ച ചെയ്യാനായി വനംവകുപ്പുദ്യോഗസ്ഥർ പ്രതിഷേധ സ്ഥലത്തേക്കെത്തി. വനം വകുപ്പ് തങ്ങളുടെ ജീവിതം ദുസഹമാക്കുന്നുവെന്ന പരാതി പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് മുമ്പാകെ അവതരിപ്പിച്ചു. പെർമിറ്റ് ലഭിച്ചാൽ ബസ് സർവ്വീസിന് വനം വകുപ്പ് തടസ്സം നിൽക്കില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ അറിയിച്ചു.
പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. പ്രതിഷേധമാരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും വനംവകുപ്പുദ്യോഗസ്ഥർ എത്താൻ വൈകിയതിൽ ശക്തമായ പ്രതിഷേധം ഉയർന്നു. കാട്ടാന ശല്യം പ്രതിരോധിക്കുന്നതിനുള്ള ഫെൻസിംഗ് നിർമ്മാണമടക്കം വേഗത്തിലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.



