
നാടിന്റെ വികസനത്തിന് ഒറ്റക്കെട്ടായി നിൽക്കണം : മന്ത്രി റോഷി അഗസ്റ്റിൻ
പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒട്ടനവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാൽക്കുളം മേട് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരു നാടിന്റെ വളർച്ചയിൽ രാഷ്ട്രീയ വ്യക്തിത്വങ്ങളും മത സമുദായിക നേതാക്കളും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരു നാടിന്റെ കൂട്ടായ്മയുടെ ഫലമാണ് ഇന്ന് ഈ വിനോദസഞ്ചാര കേന്ദ്രം തുറന്നു കൊടുക്കുന്നതിന് കാരണമായത്. നാടിന്റെ വികസന കാര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന സർക്കാർ ആണിത്. ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എല്ലാം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സംഘാടക ശേഷി മികവ് നല്ലവണ്ണം കാണാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ജില്ലയിലും നിയോജകമണ്ഡലത്തിലും അങ്ങനെ പോകുന്ന വിവിധങ്ങളായ സ്ഥലങ്ങൾ ഉണ്ട്. കാൽവരി മൗണ്ട്, പേഴുങ്കണ്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എല്ലാം നല്ല നിലയിലാണ് ഇത് പ്രവർത്തിച്ച് വരുന്നത്. ഈ സാഹചര്യത്തിൽ, ഇവിടെ വനസംരക്ഷണ സമിതി എത്രയും പെട്ടെന്ന് രൂപീകരിക്കാൻ ആവശ്യമായ നിർദ്ദേശം സിസിഎഫ് ഇപ്പോൾ കൊടുത്തിട്ടുണ്ട്. അത് വളരെ പെട്ടെന്ന് തന്നെ നമുക്ക് നടപ്പിലാക്കാൻ കഴിയും. ഇന്ന് മുതൽ ആളുകളെ പ്രവേശിപ്പിക്കും. 100 പേരെയാണ് പ്രവേശിപ്പിക്കുന്നത്. കൂടെ പോകുന്ന ആളുകൾക്ക് ആവശ്യമായ ഗൈഡ് ലൈൻസിനുള്ള ടീം ഒക്കെ വനം വകുപ്പിൽ നിന്ന് ഉണ്ടാകും . ഇത് ഒന്നോ രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രെക്കിംഗ് കേന്ദ്രമായി മാറും. അതാണ് നമ്മൾ ഇപ്പോൾ കാണേണ്ടത്. അതിന് നല്ല സഹകരണം വേണം. അതിന് നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ട് പോകാം.
ഇവിടുത്തെ ജനങ്ങളും ഫോറസ്റ്റ് ഡിപ്പാർട്മെൻ്റും രണ്ടല്ല. ഈ ട്രെക്കിംഗ് കേന്ദ്രത്തിലേക്കുള്ള യാത്രയും, വനസംരക്ഷണ സമിതിയും, ഫോറസ്റ്റ് ഡിപ്പാർട്മെൻ്റും, ഇവിടുത്തെ ജനങ്ങളും ഒന്നാണ് എന്ന നിലയിൽ ഇന്ന് ആരംഭിച്ച ഈ സംരംഭം നമുക്ക് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം.
ഇടുക്കി ജില്ലയിലെ ഏറ്റവും നല്ല ട്രെക്കിംഗ് കേന്ദ്രമായി പാൽക്കുളം മേട് മാറും എന്നുള്ള കാര്യത്തിൽ യാതൊരു ആശങ്കയുമില്ലെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി. സി. എഫ് വിനോദ് കുമാർ ടി. കെ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാജേശ്വരി രാജൻ, അന്നമ്മ ബാബു, ജൻസി സ്റ്റീഫൻ, ദീപ ജോസഫ്, ഷാജി വഴക്കാല, ഐസൺ ജിത്ത്, സന്ധ്യ രാജേഷ്, മനോജ് ടി. ഡി, അരുൺ സേവിയർ , രാഷ്ട്രീയ നേതാക്കളായ അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.



