KeralaLatest NewsLocal news

ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും പുതിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍: കെ.ബി ഗണേഷ് കുമാര്‍

ഇടുക്കി : പത്തു വര്‍ഷത്തിനു ശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേതെന്നും ഇതിന്റെ വിജയകരമായ നടത്തിപ്പ് ജില്ലയുടെ വികസനത്തിന്  മുതല്‍ക്കൂട്ടാകും എന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍.

ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും 2 കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന കെഎസ്ആര്‍ടിസി 4 ബേ ഗ്യാരേജിന്റെ നിര്‍മ്മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ ജില്ലയിലെ ഏഴാമത്തേത്തതും സംസ്ഥാനത്തെ 94-ാമത്തെയും ബസ് ഓപ്പറേറ്റിംഗ് സെന്ററാണിത്. 10 വര്‍ഷമായി ഓപ്പറേറ്റിംഗ് സെന്ററുകള്‍ അടയ്ക്കുകയാണ് ചെയ്തത്. പല ഓപ്പറേറ്റിംഗ് സെന്ററുകളും വലിയ നഷ്ടത്തിലായി. അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ബന്ധപ്രകാരം ചെറുതോണിയില്‍ പുതിയ ബസ് സ്റ്റേഷന്‍ തുടങ്ങുന്നത്.

ജില്ലയുടെ ആസ്ഥാനത്തു നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൂപ്പര്‍ ഡീലക്‌സ് ബസുകള്‍, സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ അങ്ങനെ വിവിധ ശ്രേണിയില്‍ പെട്ട ബസുകള്‍ ആരംഭിക്കുന്നു. 12 സര്‍വീസുകളാണ് ഇവിടെ നിന്ന് ആരംഭിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ വിവിധ ശ്രേണിയിലെ ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തും. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുള്ള പ്രത്യേക സര്‍വീസും ആരംഭിക്കാനാണ് തീരുമാനം.

ജില്ലാ പഞ്ചായത്ത് നല്‍കിയ 40 സെന്റ് സ്ഥലത്താണ് നാല് ബേ’കളുള്ള ഒരു ബസ് സ്റ്റേഷന്‍ പണി തുടങ്ങുന്നത്. അതിനുള്ള കരാര്‍ ഒപ്പുവച്ചു. ഇവിടെ 15128 സ്‌ക്വയര്‍ ഫീറ്റിലുള്ള മറ്റൊരു കെട്ടിടവും നിര്‍മ്മിക്കും. അതിനായി 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.  പദ്ധതി പൂര്‍ണ്ണ സജ്ജമാകന്നതോടെ കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കും.    

പൈനാവില്‍ നിര്‍മാണം പൂര്‍ത്തിയായ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് മുഴുവന്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയുടെ ഭൂപ്രകൃതി കണക്കിലെടുത്ത് ജില്ലാ ആസ്ഥാനത്ത് നിന്ന് വളരെ ദൂരപ്രദേശങ്ങളില്‍ പോയി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുക പ്രയാസകരമായതിനാലാണിത്.  

കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങാനും ഗ്രൗണ്ട് പ്രയോജനപ്പെടുത്തും. നിലവില്‍ ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങാനായി ഭൂമിയും വാഹനങ്ങളുമുണ്ട്. പക്ഷേ നിയമാനുസൃതം  പരിശീലനത്തിനും തിയറി ക്ലാസുകള്‍ പഠിപ്പിക്കുന്നതിനും ക്ലാസ് മുറികള്‍ ലഭ്യമായാലേ മോട്ടോര്‍ വാഹന വകുപ്പിന് കെ.എസ്.ആര്‍.ടി.സിയുടെ അംഗീകാരം കൊടുക്കാന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതോടെ കെ.എസ്.ആര്‍.ടി.സി യുടെ 32 -ാമത്തെ ഡ്രൈവിംഗ് സ്‌കൂള്‍ ഇടുക്കിയില്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ചെറുതോണിയില്‍ നടന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി ആരംഭിക്കുന്ന പുതിയ സര്‍വീസുകള്‍ നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തന്നെ കട്ടപ്പനയിലും മൂലമറ്റത്തും കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിംഗ് സെന്ററും എറ്റിയോ ഓഫീസും നിലവിലുണ്ട്. എന്നാല്‍ ജില്ലാ ആസ്ഥാനം എന്ന നിലയില്‍ ഇവിടുന്ന് ബസ് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടിസ്ഥാനപരമായുള്ള ചില കാര്യങ്ങള്‍ പരിഹരിക്കാന്‍ ചില താമസങ്ങള്‍ നേരിട്ടു. ഡിപ്പോ അഥവ ഓപ്പറേറ്റിംഗ് സെന്റര്‍ യാഥാര്‍ഥ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

ചെറുതോണിയില്‍ നിര്‍മ്മിച്ചിട്ടുള്ള ബസ് സ്റ്റാന്‍ഡ്, ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ്, ബസ് ബേ കോണ്‍ക്രീറ്റിംഗ്, പുറത്തേക്കുള്ള റോഡില്‍ കലുങ്ക് നിര്‍മ്മാണം, എന്നിവയ്ക്കായി എംഎല്‍എ ഫണ്ടില്‍ നിന്ന് 1.30 കോടി രൂപയും, സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 3.40 കോടി രൂപ ജലവിഭവ വകുപ്പ് മുഖേനയും ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കുമളി- കോയമ്പത്തൂര്‍ (സൂപ്പര്‍ ഡിലക്സ്), കുമളി-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്), കട്ടപ്പന-തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്), കട്ടപ്പന-പുല്‍പ്പള്ളി (സൂപ്പര്‍ഫാസ്റ്റ് പ്രീമിയം) എന്നീ സര്‍വീസുകളും ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണന്‍, നൗഷാദ് റ്റി.ഇ. അമ്മിണി ജോസ്, പ്രഭ തങ്കച്ചന്‍, സിജി ചാക്കോ, രാജു ജോസഫ്, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പി.എസ് പ്രമോജ് ശങ്കര്‍,  കട്ടപ്പന അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷാജി കുര്യാക്കോ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സിവി വര്‍ഗീസ്, ഷാജി കാഞ്ഞമല, സലിം കുമാര്‍ അനില്‍ കൂവപ്ലാക്കല്‍, അസ്സിസ്, ജോസ് കുഴികണ്ടം, സാജന്‍ കുന്നേല്‍, രതീഷ് അത്തിപ്പള്ളി, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!