CrimeKeralaLatest NewsLocal news

വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; ചെടിച്ചട്ടിയിൽ ഒളിപ്പിച്ച താക്കോലെടുത്ത് മോഷ്ടാവ് 16 ലക്ഷം കവർന്നു

കട്ടപ്പന (ഇടുക്കി): വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട്ടിൽ നടന്ന മോഷണത്തിൽ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

അടുത്തുള്ള സ്ഥാപനവും വീടും ഒരു കെട്ടിടത്തിലാണ്. സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തിയ മോഷ്ടാവ് മുകൾ നിലയിലെ വീട് അടങ്ങുന്ന ഭാഗത്ത് എത്തി താക്കോൽ ഉപയോഗിച്ച് വീട് തുറന്നശേഷം അഞ്ഞൂറിന്റെ നോട്ടുകളടങ്ങിയ പണം മോഷ്ടിക്കുകയായിരുന്നു. കൂടുതൽ പണം ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അഞ്ഞൂറിന്റെ കെട്ടുകൾ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു. മറ്റു വസ്തുക്കൾ ഒന്നും മോഷണം പോയിട്ടില്ല.

14-ന് രാത്രി 8.30 ഓടെ ചെടിച്ചട്ടിയിൽ താക്കോൽ ഒളിപ്പിച്ച ശേഷം വീട്ടുകാർ പള്ളിപ്പെരുന്നാളിൽ പങ്കെടുക്കാൻ പോയിരുന്നു. തിരികെ വന്നിട്ടും അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടില്ല. രണ്ടുദിവസം കഴിഞ്ഞ് 16-നാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പണം മോഷ്ടിച്ചത് പള്ളിപ്പെരുന്നാളിന് പോയ സമയത്താണെന്ന് മനസ്സിലായത്.

സി.സി.ടി.വി. ദൃശ്യങ്ങളിലുള്ളത് മുഖം മറച്ചെത്തിയ മോഷ്ടാവിനെയാണ്. വിരലടയാളം പതിയാതിരിക്കാൻ കൈയ്യിൽ ഗ്ലൗസ് ധരിച്ചിരുന്നു. ശരീരഭാഷ തിരിച്ചറിയാതിരിക്കുന്ന തരം വസ്ത്രങ്ങളും ധരിച്ചിരുന്നു. വീടും അടുത്തുള്ള സ്ഥാപനവും കൃത്യമായി അറിയാവുന്ന ആളുതന്നെയാണ് മോഷണം നടത്തിയതെന്നാണ് സൂചന. കട്ടപ്പന പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!