കുടിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ നായയെ കൊന്ന് കെട്ടിതൂക്കിയതായി പരാതി
അടിമാലി: കുടിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ നായയെ കൊന്ന് കെട്ടിതൂക്കിയതായി പരാതി. കുരിശുപാറ സ്വദേശിനി വത്സമ്മയും അയല്‍വാസിയായ കുടുംബവും ഉപയോഗിക്കുന്ന കുടിവെള്ളത്തിലാണ് അഴുകിയ നിലയില്‍ ദുര്‍ഗന്ധം വമിച്ച് നായയുടെ ജഡം കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് കൃഷിയിടത്തിലുള്ള കിണറ്റില്‍ നിന്നുമാണ് ഇവര്‍ കുടിവെള്ളം എടുത്തിരുന്നത്. ചുറ്റുമതിലുള്ള കിണറിന് മുകള്‍ ഭാഗത്ത് പച്ചനെറ്റും വലിച്ച് കെട്ടിയിരുന്നു.
വെള്ളത്തിന് അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍ നായയുടെ ജഡം കണ്ടെത്തിയത്. ഫുട് വാല്‍വിനോട് ചേര്‍ത്ത് നായയുടെ ജഡം കെട്ടിവച്ച നിലയിലായിരുന്നുവെന്ന് വീട്ടുടമയായ വത്സമ്മ പറഞ്ഞു. നായയുടെ ജഡം പൂര്‍ണ്ണമായെന്നവണ്ണം അഴുകിയ നിലയിലായിരുന്നു. ഈ വെള്ളം കുടുംബങ്ങള്‍ ഏതാനും ദിവസം ഉപയോഗിക്കുകയും ചെയ്തു.
നായ തനിയെ കിണറ്റില്‍ ചാടിയതാകാം എന്ന് ആദ്യം കരുതിയെങ്കിലും ഇന്നലെ നായയെ കിണറ്റില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിച്ചതോടെയാണ് നായയുടെ ജഡം ഫുഡ് വാല്‍വിനോട് ചേര്‍ത്ത് കെട്ടിവച്ച നിലയിലാണെന്ന് കിണറുടമ തിരിച്ചറിഞ്ഞത്. ഇതോടെ വത്സമ്മ അടിമാലി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. കൃത്യം നടത്തിയവരെ കണ്ടെത്തണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.



