KeralaLatest NewsLocal news

ഹൈറേഞ്ചില്‍ ഇത് കാപ്പി പൂക്കുന്ന കാലം

അടിമാലി: ഹൈറേഞ്ചില്‍ ഇത് കാപ്പി പൂക്കുന്ന കാലമാണ്. നേരം പുലരുമ്പോഴായിരിക്കും കാപ്പിച്ചെടിയാകെ വെള്ളപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നതു കാണുക. തണുത്ത കാറ്റില്‍ കാപ്പിപ്പൂമണം ഒഴുകിയെത്തും. വര്‍ഷത്തില്‍ ഒരിക്കലേ കാപ്പി പൂക്കൂ. ഇത്രമേല്‍ സംഘടിതമായി പൂക്കുന്ന ചെടികള്‍ വിരളമാണെന്ന് പഴമക്കാര്‍ പറയുന്നു.

മകരത്തില്‍ മഞ്ഞു പെയ്യുമ്പോഴോ ശേഷം പുതുമഴ പെയ്തിറങ്ങുമ്പോഴോ ആണ് വെണ്‍മയുടെ പൂര്‍ണ്ണതേജസ്സോടെ കാപ്പിച്ചെടികള്‍ പൂവിടുന്നത്. മെറൂണ്‍ നിറത്തിലുള്ള കുഞ്ഞുമൊട്ടുകള്‍ കാപ്പിച്ചെടിയാകെ നിറയുന്നത് പെട്ടെന്നു ശ്രദ്ധിക്കപ്പെടില്ല. മൊട്ടിട്ടാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പൂക്കള്‍ ഒന്നാകെ വിരിയും.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാപ്പിപ്പൂ മണവും വെളുപ്പും പടര്‍ന്ന പ്രഭാതങ്ങള്‍ ഹൈറേഞ്ചിലെ ഒട്ടുമിക്കയിടങ്ങളിലും അനുഭവേദ്യമാണ്.

വേനല്‍ മഴയുടെയും മഞ്ഞിന്റെയും തോതനുസരിച്ചാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. പുതുമഴ പെയ്ത് കുതിര്‍ന്ന മണ്ണിന്റെ മണവും കാപ്പിപ്പൂക്കളുടെ ഗന്ധവും ചേര്‍ന്ന് പുലരികളെ മത്തു പിടിപ്പിക്കും. പാലപ്പൂവിന്റേതുപോലെ മത്തുപിടിപ്പിക്കുന്ന ഒരുതരം ഗന്ധമാണ് കാപ്പി പൂവിന്റേതും. രണ്ടോ മൂന്നോ ദിവസം മാത്രമാണ് പൂവിന് ആയുസ്സ്. വിരിയുന്ന അന്നു മാത്രമേ വെണ്‍മയുടെ പൂര്‍ണതേജസ്സ് പൂക്കള്‍ക്കുണ്ടാകൂ. രണ്ടാം ദിവസമാകുമ്പോഴേക്കും വാട്ടം തട്ടും. നാലോ അഞ്ചോ ദിവസം കൊണ്ട് കരിഞ്ഞുണങ്ങിപ്പോകും.

കാപ്പി പൂത്ത് കരിഞ്ഞുണങ്ങിയാലേ ആ വര്‍ഷം നല്ല വിളവുണ്ടാകൂ എന്ന് പഴമക്കാര്‍ പറയുന്നു. കാപ്പി പൂത്തു നില്‍ക്കുമ്പോള്‍ മഴ പെയ്യുന്നത് കൃഷിക്ക് നന്നല്ല. മഴ പെയത്് വെള്ളമിറങ്ങിയാല്‍ പൂക്കള്‍ നശിക്കും. ഇത് വിളവ് കുറയാന്‍ ഇടവരുത്തും. മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ മുഴുവന്‍ കാപ്പിയും പൂവിട്ട് കഴിയും. പിന്നീട് ആര്‍ത്തലച്ചു പെയ്യുന്ന മഴക്കൊപ്പം കാപ്പിക്കുരു വളരാന്‍ തുടങ്ങും. ഓരോ ഇടത്തും വര്‍ഷത്തില്‍ രണ്ടോ മുന്നോ ദിവസം മാത്രമേ കാപ്പി പൂവിന്റെ മാതക ഗന്ധം നിറഞ്ഞ് പുലരികളുണ്ടാകു. ആ പുലരികളിലെ സുഗന്ധം അടുത്ത പൂക്കാലം വരെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!