അടിമാലി: എല്‍ ഡി എഫ് ദേവികുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന വികസന വിളംബര ജാഥ ഇന്ന് സമാപിക്കും.
നിയമസഭ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ ഡി എഫ് ദേവികുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസന വിളംബര ജാഥക്ക് രൂപം നല്‍കിയിട്ടുള്ളത്.
അഡ്വ. എ രാജ എം എല്‍ എ ക്യാപ്റ്റനായും അഡ്വ. എം എം മാത്യു വൈസ് ക്യാപ്റ്റനായും അഡ്വ. ടി ചന്ദ്രപാല്‍ ജാഥ മാനേജരായിട്ടുമാണ് വികസന വിളംബര ജാഥ നടന്നു വരുന്നത്. ജാഥക്ക് അടിമാലിയില്‍ സ്വീകരണമൊരുക്കി.ജാഥ ക്യാപ്റ്റന്‍ അഡ്വ. എ രാജ എം എല്‍ എ സ്വീകരണമേറ്റുവാങ്ങി സംസാരിച്ചു. നാല് ദിവസങ്ങളിലായി ക്രമീകരിച്ചിരുന്ന ജാഥക്ക് ഇന്ന് വൈകിട്ട് സമാപനമാകും.
ഇരുമ്പുപാലത്ത് സമാപന സമ്മേളനം നടക്കും. ജാഥയുടെ അവസാന ദിവസമായ ഇന്ന് കല്ലാര്‍കുട്ടിയില്‍ നിന്നുമായിരുന്നു ജാഥ പ്രയാണം ആരംഭിച്ചത്. കൂമ്പന്‍പാറ, 200 ഏക്കര്‍, മച്ചിപ്ലാവ്, പഴമ്പള്ളിച്ചാല്‍, ദേവിയാര്‍ എന്നിവിടങ്ങളിലും ജാഥക്ക് സ്വീകരണമൊരുക്കി. കഴിഞ്ഞ മാസം 28നായിരുന്നു വികസന വിളംബര ജാഥക്ക് തുടക്കം കുറിച്ചത്.



