ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് പരിഹരിക്കാൻ സർക്കാർ തയ്യാറാകണം; കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

അടിമാലി: ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു. അടിമാലിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ നിയമങ്ങളും പാലിച്ചു നിർമ്മിച്ച ലക്ഷക്കണക്കിന് കെട്ടിടങ്ങൾക്ക് ക്രമവൽക്കരണം ആവശ്യമില്ല എന്ന യാഥാർഥ്യം നിലനിൽക്കേ 2023 ൽ പാസ്സാക്കിയ പട്ടയ നിയമഭേദഗതിയും ചട്ടങ്ങളും ഭൂ പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ് ചെയ്തത്.
ഇത് വെറും ക്രമവൽക്കരണ നിയമം മാത്രമാണ്. പണിതീരാത്ത കെട്ടിടങ്ങൾ പൂർത്തിയാക്കാനും പുതിയവ നിർമ്മിക്കാനും അനുമതിയില്ല എന്നത് വൻ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതാണ്. ക്രമവൽക്കരണം കെട്ടിടങ്ങൾക്ക് മാത്രമായതോടെ ബാക്കിയുള്ളവ മുഴുവൻ കൃഷിചെയ്യാൻ മാത്രം കഴിയുന്ന ഭൂമിയായി മാറി, വ്യാപാര വ്യവസായ, ടുറിസം ആവശ്യങ്ങൾക്ക് ഉപകരിക്കാത്ത ഭൂമിയുടെ വിലയിടിഞ്ഞു. പട്ടയ ഉടമയെ പാട്ടക്കാരനാക്കുന്ന നിയമ ഭേദഗതിയായി ഫലത്തിൽ ഭൂനിയമ ഭേദഗതി മാറിയിരിക്കുന്നു.
ചട്ടം ഭേദഗതി ചെയ്ത് പരിഹരിക്കേണ്ട വിഷയം, നിയമ ഭേദഗത്തിയിലൂടെ കൂടുതൽ സങ്കീർണ്ണ മാക്കുകയാണ് സർക്കാർ ചെയ്തത്.
ഉപാതി രഹിത സ്വതന്ത്ര പട്ടയ ഭൂമി എന്ന കർഷകരുടെയും വ്യാപാരി വ്യവസായികളുടെയും ചിരകാല ആവശ്യം അംഗീകരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അവിശ്യപ്പെട്ടു. പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, നിയോജക മണ്ഡലം പ്രസിഡന്റ് സാന്റി കണ്ണാട്ട് തുടങ്ങിയവർ പങ്കെടുത്തു.



