KeralaLatest NewsLocal news

നെടുങ്കണ്ടം ബ്ലോക്ക്തല സാന്ത്വനമിത്രം കെയര്‍ ഗിവേഴ്സ് പരിശീലനം

കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സാന്ത്വനമിത്രം പദ്ധതിയുടെ ഭാഗമായി കെയര്‍ ഗിവേഴ്സ് പരിശീലനപരിപാടിയുടെ നെടുങ്കണ്ടം ബ്ലോക്ക്തല ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുക, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുബശ്രീയും വിജ്ഞാനകേരളവും നടത്തുന്ന തൊഴില്‍ ക്യാംപയിന്റെ രണ്ടാം ഘട്ടമായാണ് സാന്ത്വനമിത്രം പദ്ധതി നടപ്പിലാക്കുന്നത്.
സ്വാന്തനമിത്രം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കിടപ്പുരോഗികളുള്ള കുടുംബങ്ങള്‍ക്ക് പരിചരണം നല്‍കുന്നതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരെ  കണ്ടെത്തി നൈപുണ്യ പരിശീലനം നല്‍കി കെയര്‍ ഗിവേഴ്സ് എന്ന നിലയില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. വീടുകളിലെ കിടപ്പുരോഗികള്‍, ആശുപത്രി ബൈസ്റ്റാന്‍ഡര്‍മാര്‍, പ്രസവാനന്തര ശുശ്രൂഷ വേണ്ടവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം പാര്‍ട്ട് ടൈംആയോ, പൂര്‍ണ്ണ സമയമോ കെയര്‍ഗിവേഴ്സിനെ ലഭ്യമാക്കാന്‍ സാധിക്കും. കെയര്‍ ഗിവേഴ്സ് നല്‍കുന്ന സേവനങ്ങള്‍ക്ക് നിശ്ചിത തുക ഈടാക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് യോഗ്യതയും താത്പര്യമുള്ളവരെ കണ്ടെത്തി  പരിശീലനം നല്‍കും. കുടുംബശ്രീ സി.ഡി.എസിന്റെ കീഴില്‍ മൈക്രോസംരംഭ ഗ്രൂപ്പുകളായി രജിസ്റ്റര്‍ ചെയ്ത് സംരംഭ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക.

നെടുങ്കണ്ടം താലൂക്ക് ആശുപത്രി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.എന്‍ വിജയന്‍, വി.സി അനില്‍, ടി.എം ജോണ്‍,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ് സുരേഷ് വര്‍ഗീസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഖയാസ് ഇ.കെ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷറിന്‍ ജോസഫ്  സേവ്യര്‍ കല്ലുപുരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!