
മാങ്കുളം: പക്ഷിപ്രേമികളെയും കര്‍ഷകരേയും പ്രതിസന്ധിയിലാക്കി കുതിച്ചുയരുകയാണ് തിന വില.ലൗ ബേഡ്്സ് അടക്കമുള്ള വളര്‍ത്തു പക്ഷികളുടെ ഇഷ്ട ഭക്ഷണമാണ് തിനയെന്നറിയപ്പെടുന്ന ചെറുധാന്യം. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ധാന്യമാണ് തിന. ലൗ ബേഡ്്സ് അടക്കമുള്ള വളര്‍ത്തു പക്ഷികളുടെ ഇഷ്ട ഭക്ഷണമാണ് തിനയെന്നതിനാല് സമീപകാലയളവില്‍ തിനയുടെ വിലയില്‍ ഉണ്ടായിട്ടുള്ള വര്‍ധനവ് പക്ഷിപ്രേമികളെയും കര്‍ഷകരേയും പ്രതിസന്ധിയിലാക്കുകയാണ്.
കൊവിഡ് കാലത്തിന് ശേഷം വീട്ടമ്മമാരും മറ്റും കൂടുതലായി പക്ഷി വളര്ത്തലിലേക്ക്് തിരിഞ്ഞിട്ടുണ്ട്. ശരാശരി 50 ലൗബേര്‍ഡ്സ് ഉള്ളവര്‍ക്ക് ഒരു കിലോ ഗ്രാം തിന ഒരു ദിവസം വാങ്ങേണ്ടി വരും. ഇത് പക്ഷിവളര്ത്തുന്നവര്ക്ക് വലിയ ബാധ്യത വരുത്തുന്നു. 8 മുതല്‍ 15 രൂപാ വരെയായിരുന്നു മൂന്ന് വര്‍ഷം മുമ്പ് തിന വിലയെങ്കില്‍ ഇന്ന് 60 മുതല്‍ 90 രൂപ വരെയായി തിനയുടെ വില ഉയര്‍ന്നു.
എന്നാല്‍ തിനയുടെ വില വര്‍ധിച്ചത് പോലെ പക്ഷികളുടെ വില വിപണിയില്‍ വര്‍ധിച്ചിട്ടില്ലെന്ന് പക്ഷി വളര്‍ത്തുന്നവര്‍ പറയുന്നു. ഒരേ ടൗണില്‍ പല കടകളില്‍ വ്യത്യസ്ത വിലയാണ് തിനക്ക് ഈടാക്കുന്നത്. ഇടനില കച്ചവടക്കാര്‍ ഉയര്‍ന്ന ലാഭം എടുക്കുന്നതാണ് തിനക്ക് വില ഇത്രത്തോളം ഉയരാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.