
മൂന്നാര്‍: കാടുകയറാതെ പടയപ്പ.മൂന്നാര്‍ അരുവിക്കാട്ടിലെത്തി കാട്ടുകൊമ്പന്‍ തൊഴിലാളി കുടുംബങ്ങളുടെ വാഴകൃഷി നശിപ്പിച്ചു.
കുണ്ടള ചെണ്ടുവാര മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടുകൊമ്പന്‍ പടയപ്പ ചുറ്റിത്തിരിയുന്ന സ്ഥിതിയുണ്ട്.ഇതിന് ശേഷമാണിപ്പോള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പടയപ്പ അരുവിക്കാട് മേഖലയില്‍ എത്തിയത്.

കാട്ടാന തൊഴിലാളി കുടുംബങ്ങളുടെ വാഴകൃഷി നശിപ്പിച്ചു. തൊഴിലാളി ലയങ്ങള്‍ക്ക് അരികില്‍ നിന്നിരുന്ന വാഴകളാണ് നശിപ്പിച്ചത്.മഴക്കാലമരംഭിച്ചിട്ടും കാട്ടുകൊമ്പന്‍ ജനവാസ മേഖലയില്‍ നിന്നും പിന്‍ വാങ്ങാത്തതില്‍ ആശങ്ക ഉയരുകയാണ്.

മാട്ടുപ്പട്ടി, കന്നിമല, കല്ലാര്‍ മേഖലകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന
പടയപ്പ മേയ് അവസാനത്തോടെ മറയൂര്‍ മേഖലയിലേക്ക് പിന്‍വാങ്ങിയിരുന്നു. അതിന് ശേഷം വീണ്ടും കാട്ടാന മൂന്നാറിലേക്ക് തിരികെയെത്തുകയായിരുന്നു. നേരത്തെ പടയപ്പ തീറ്റ തേടി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ സ്ഥിരമായി
എത്തിയിരുന്നു. ഇവിടെ നിന്ന് ആന പച്ചക്കറി മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് തിന്നുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.