അടിമാലി ഗ്രാമപഞ്ചായത്തിനെതിരെ വിമര്‍ശനവുമായി ബി ജെ പി അടിമാലി മണ്ഡലം കമ്മിറ്റി രംഗത്ത്

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിനെതിരെ വിമര്‍ശനവുമായി ബി ജെ പി അടിമാലി മണ്ഡലം കമ്മിറ്റി രംഗത്ത്. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാലിന്യ പരിപാലനം താളം തെറ്റിയെന്നാണ് ബി ജെ പി അടിമാലി മണ്ഡലം കമ്മിറ്റിയുടെ ആരോപണം. അലക്ഷ്യമായി പലയിടത്തും മാലിന്യം വലിച്ചെറിയപ്പെട്ടിട്ടും ഇതിനെതിരെ പഞ്ചായത്ത് വേണ്ട രീതിയില്‍ നടപടി എടുക്കുന്നില്ലെന്ന് ബി ജെ പി ആരോപിക്കുന്നു.
ടൗണ്‍ പരിധിയിലെ ഓടകള്‍ പലതും മാലിന്യം നിറഞ്ഞ നിലയിലാണ്. ഇവിടെ നിന്നെല്ലാം ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയുമുണ്ട്. കൈത്തോടുകളുടെ അവസ്ഥയും വിഭിന്നമല്ല. ഈ മാലിന്യമെല്ലാം ഒഴുകി നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ദേവിയാര്‍ പുഴയിലേക്കാണ് എത്തുന്നതെന്നും ഓടകളിലേയും കൈത്തോടുകളിലേയും മാലിന്യ നിക്ഷേപം തടയാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും ബി ജെ പി അടിമാലി മണ്ഡലം പ്രസിഡന്റ് അനീഷ് എന്‍ എസ് ആരോപിച്ചു.
മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി അടിമാലി മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. വിഷയത്തില്‍ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും ബി ജെ പി നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തിനെ മാലിന്യ മുക്തമായി പരിപാലിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നില്ലെന്നും ബി ജെ പി കുറ്റപ്പെടുത്തി.



