തൃശൂരില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു; കിടപ്പുരോഗിയെ നായ ആക്രമിച്ചത് വീട്ടിനുള്ളില്‍ കടന്ന്

തൃശ്ശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് വയോധികയെ തെരുവുനായ കടിച്ചുകൊന്നു. കിടപ്പുരോഗിയായ 84 വയസുകാരി കാര്‍ത്ത്യായനിയാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. വീടിനകത്ത് കിടക്കുന്ന വയോധികയ്ക്ക് നേരെയാണ് നായയുടെ ക്രൂരമായ ആക്രമണമുണ്ടായത്. മുഖത്തും ശരീരമാസകലവും കടിയേറ്റു. ഇവരുടെ മകന്‍ മണി സന്ധ്യയോടെ ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്.
ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകന്‍ ദേവദാസിനും നായയുടെ പരുക്കേറ്റു. 60 വയസുകാരനായ ഇയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്നാണ് കാര്‍ത്ത്യായിനി കിടപ്പിലായത്.
നായയുടെ ആക്രമണം നടക്കുമ്പോള്‍ വയോധികയുടെ വീട്ടിലും പരിസരത്തും മറ്റാരുമുണ്ടായിരുന്നില്ല. ഈ നായ മറ്റ് വളര്‍ത്ത് നായ്ക്കളേയും ആളുകളേയും കടിച്ചതായി നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. നായയെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല



