ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് കെ എസ് ആര്‍ ടി സിയുടെ ബസ് സര്‍വ്വീസാരംഭിച്ചു

അടിമാലി: കാത്തിരിപ്പിനും ആവശ്യങ്ങള്‍ക്കും ഒടുവില്‍ ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് കെ എസ് ആര്‍ ടി സിയുടെ ബസ് സര്‍വ്വീസാരംഭിച്ചു. ഇന്നുച്ചക്ക് രണ്ട് മണിക്ക് അടിമാലിയില്‍ നിന്നും കെ എസ് ആര്‍ ടി സിയുടെ ആദ്യ സര്‍വ്വീസ് കുറത്തിക്കുടി ഉന്നതിയിലേക്ക് പുറപ്പെട്ടു. മാങ്കുളം പെരുമ്പന്‍കുത്ത് വഴിയാണ് കുറത്തിക്കുടിയിലേക്കുള്ള ബസ് യാത്ര.കുറത്തിയിലെത്തിയ ശേഷം അന്ന് തന്നെ ബസ് തിരികെ അടിമാലിക്ക് വരും വിധമാണ് ആദ്യ ബസ് സര്‍വ്വീസിന്റെ സമയം ക്രമീകരിച്ചിട്ടുള്ളത്.
കുറത്തിയിലേക്ക് ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന ആവശ്യവുമായി ഉന്നതിയിലെ കുടുംബങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതിയിലേക്ക് ബസ് സര്‍വ്വീസ് അനുവദിച്ച് കെ എസ് ആര്‍ ടി സിയുടെ ഇടപെടല്‍ ഉണ്ടായത്. അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ആദിവാസി ഉന്നതിയാണ് കുറത്തിക്കുടി. മുതുവാന്‍ സമുദായക്കാരായ നിരവധി കുടുംബങ്ങള്‍ ഇവിടെ താമസിച്ച് വരുന്നു.
അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഭാഗമെങ്കിലും മാങ്കുളം ടൗണുമായിട്ടാണ് കുറത്തിക്കുടിയിലെ കുടുംബങ്ങള്‍ ദൈന്യം ദിന ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നത്. മാങ്കുളം വഴി ബസ് സര്‍വ്വീസ് അനുവദിക്കപ്പെട്ടാല്‍ തങ്ങളുടെ പുറം ലോകത്തേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകുമെന്ന് ഉന്നതിയിലെ കുടുംബങ്ങള്‍ പറയുന്നു. മുമ്പ് കുറത്തിക്കുടി ഉന്നതിയിലേക്ക് യാത്രാ യോഗ്യമായ റോഡ് ഉണ്ടായിരുന്നില്ല.
എന്നാല്‍ മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരുമ്പന്‍കുത്ത് മുതല്‍ ആദിവാസി ഉന്നതിയുടെ തൊട്ടരികില്‍ വരെയിപ്പോള്‍ യാത്രായോഗ്യമായ റോഡ് നിര്‍മ്മിച്ച് കഴിഞ്ഞു. ഇതോടെയാണ് കുറത്തികുടിയിലേക്കും കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് സാധ്യമായത്.



