ഓടകളിലേക്ക് ശുചിമുറി മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രീന്‍കെയര്‍ കേരള

അടിമാലി: ദേവിയാര്പുഴയെ മലിനമാക്കും വിധം അടിമാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഓടകളിലേക്ക് ശുചിമുറി മാലിന്യമടക്കം തുറന്നുവിടുന്നവര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള രംഗത്ത്. അടിമാലി ടൗണിലെ ഓടകളിലേക്ക് ശുചിമുറി മാലിന്യമൊഴുക്കി ദേവിയാര്‍ പുഴയെ മലിനമാക്കുന്നുവെന്ന പരാതി കഴിഞ്ഞ കുറെ നാളുകളായി നിലനില്‍ക്കുന്നതാണ്. ഈ വിഷയത്തിലാണിപ്പോള്‍ പരാതിയുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരളയും രംഗത്തെത്തിയിട്ടുള്ളത്.
ബസ് സ്റ്റാന്‍ഡ് പരിസരത്തു കൂടി പോകുന്ന ഓടകളിലേക്ക് ചില സ്ഥാപനങ്ങളില്‍ നിന്നും ശുചിമുറി മാലിന്യമടക്കം നിര്‍ബാധം പുറം തള്ളുന്നുവെന്നാണ് ഗ്രീന്‍കെയര്‍ കേരളയുടെ പരാതി. പൈപ്പുകള്‍ ഓടകളിലേക്ക് സ്ഥാപിച്ച് മനുഷ്യ വിസര്‍ജ്ജ്യമടക്കം തുറന്നു വിടുന്ന സ്ഥിതിയുണ്ടെന്നും സംഘടനാ ജില്ലാ ജനറല്‍ സെക്രട്ടറിയും ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതിയംഗവുമായ കെ ബുള്‍ബേന്ദ്രന്‍ ഗ്രീന്‍ കെയര്‍ കേരള ജില്ലാ കോഡിനേറ്റര്‍ ജാസ്മിന് പി റ്റി എന്നിവര്‍ പറഞ്ഞു.
ഓടകളിലെ വെള്ളമൊഴുക്ക് നിലക്കുകയും മാലിന്യം തള്ളുന്ന സ്ഥിതി വര്‍ധിക്കുകയും ചെയ്തതോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അസഹനീയമായ ദുര്‍ഗന്ധം ഉയരുന്ന സ്ഥിതിയുണ്ട്. ഓടകളിലേക്ക് പൈപ്പുകളിലൂടെ മാലിന്യം തള്ളുന്ന കാഴ്ച്ച ആരോഗ്യവകുപ്പിനേയും പഞ്ചായത്തധികൃതരെയും നേരിട്ട് കാണിച്ച് ബോധ്യപ്പെടുത്തിയെന്നും പഞ്ചായത്തും ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും വിഷയത്തില്‍ പരിഹാരമാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കുമെന്നും സംഘടന അറിയിച്ചു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ സാംക്രമിക രോഗങ്ങള്‍ വരെ പടര്‍ന്ന് പിടിക്കാന്‍ ഇടവരുത്തുമെന്നും പരിസ്ഥിതി സംഘടന വാദിക്കുന്നു



