മൂന്നാറിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച ഫ്ളൈ ഓവര്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

മൂന്നാര്‍: മൂന്നാറിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി 10 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ഫ്ളൈ ഓവര്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇടുക്കി സ്പെഷല്‍ ഡവലപ്മെന്റ് പാക്കേജ് എന്ന പദ്ധതിയില്‍പ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഫ്ളൈ ഓവര്‍ നിര്‍മിക്കുന്നതിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പുതിയ ഡിസൈന്‍ പ്രകാരം പദ്ധതിക്ക് 50 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെ സാമ്പത്തികാനുമതി ലഭിച്ചതോടെ ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
2015-16 ലെ ബജറ്റില്‍ 38 കോടി രൂപ ചെലവിലാണ് ഫ്ളൈ ഓവര്‍ പദ്ധതി പ്രഖ്യാപിച്ചത്. മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊച്ചി-ധനുഷ് കോടി ദേശീയ പാതയില്‍ പെട്ട പഴയ മൂന്നാര്‍ ബൈപാസ് റോഡില്‍ നിന്നും മാട്ടുപ്പെട്ടി റോഡിലേക്കും ഇവിടെ നിന്നും മുസ്ലിം പള്ളിയുടെ സമീപമുള്ള മറയൂര്‍ റോഡിലെ പെരിയവര ടാക്സി സ്റ്റാന്‍ഡിലേക്കും രണ്ട് ഫ്ളൈ ഓവറുകളാണ് നിര്‍മിക്കുന്നത്. പദ്ധതി യാഥാര്ഥ്യമാകുന്നതോട രാജമല, മറയൂര്‍ ഭാഗത്തേക്കും, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷന് എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് മൂന്നാര്‍ ടൗണിലെ ഗതാഗത കുരുക്കില്‍ പെടാതെ ഫ്ളൈ ഓവറുകള്‍ വഴി കടന്നു പോകാന്‍ കഴിയും.
കിഫ്ബി വഴി മൂന്നാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ വികസനം, കട്ടപ്പന താലൂക്ക് ആശുപത്രിയുടെ വികസനം എന്നിവയ്ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്



