KeralaLatest NewsLocal news

പൊതു ഗതാഗതം ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതകുരുക്ക് ഒഴിവാക്കും: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

മൂന്നാർ :പൊതുഗതാഗത സംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡോര്‍മിറ്ററിയുടെ ഉദ്ഘാടനവും തൊടുപുഴ അല്‍-അസ്ഹര്‍ കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന ട്രാന്‍സിറ്റ് സെന്ററിന്റെയും ഫുഡ്മാളിന്റെയും നിര്‍മ്മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്നാര്‍ നഗരത്തിലേക്ക് ഗതാഗതം കുറയ്ക്കുക എന്ന ലക്ഷ്യം പൊതുഗതാഗതത്തെ ഉപയോഗപ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ഒരു ഡോര്‍മിറ്ററി സംവിധാനം സ്ഥാപിക്കുന്നത്.

ഏറ്റവും കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന വൃത്തിയുള്ള ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ അടക്കമുള്ള എ.സി. ഡോര്‍മിറ്ററിയാണ് വരുന്നത്. കെ.എസ്.ആര്‍.ടി.സി.യില്‍ തന്നെ ജോലി ചെയ്യുന്നവരാണ് നിര്‍മ്മാണത്തിന്റെ നല്ലൊരു പങ്കും നിര്‍വഹിച്ചത് എന്ന് പറയുന്നത് അഭിമാനകരമായ കാര്യമാണ്. നല്ലൊരു ഫുഡ് കോര്‍ട്ട് തുടങ്ങാനുള്ള നടപടി കെ.എസ്.ആര്‍.ടി.സി. ആരംഭിച്ചു കഴിഞ്ഞു. സാധാരണ കാണുന്നതിന് വ്യത്യസ്തമായി വിദേശ രാജ്യങ്ങളിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന തരത്തിലുള്ള അത്രയും നല്ല സൗകര്യങ്ങളോടുകൂടിയ ഫുഡ് കോര്‍ട്ടാണ് വരാന്‍ പോകുന്നത്.

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ മുഖമുദ്രയായി മാറാന്‍ മൂന്നാറലെ കെ. എസ്. ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലൂടെ സ്വദേശികളും വിദേശികളും പങ്കുവയ്ക്കുന്ന മൂന്നാര്‍ ഡബിള്‍ ഡക്കര്‍ യാത്ര അനുഭവം കെഎസ്ആര്‍ടിസിയുടെ വിജയമാണ്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി മികച്ച പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും പൊതുജനങ്ങളാണ് വകുപ്പിന്റെ ശക്തിയെന്നും മന്ത്രി പറഞ്ഞു.

ഡിപ്പോയുടെ കൂടുതല്‍ നവീകരണത്തിനായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മൂന്നാറിലെ പൊതുജനങ്ങളുടെ ആവശ്യപ്രകാരം മൂന്ന് ബസുകളാണ് മൂന്നാര്‍ ഡിപ്പോയ്ക്ക് ലഭിച്ചതെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച എ. രാജ എം.എല്‍.എ പറഞ്ഞു.

മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. എസ്. പ്രമോജ് ശങ്കര്‍ ഓണ്‍ലൈനായി പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിജാമുദ്ദീന്‍ ജെ, വകുപ്പ് ജീവനക്കാര്‍, അല്‍-അസ്ഹര്‍ കോളേജ് ജീവനക്കാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!