വേനല്‍ച്ചൂട് കൂടിയതോടെ ഏലക്ക ഉല്‍പാദനം കുറഞ്ഞെങ്കിലും വില ഉയരാത്തത് ആശങ്ക സൃഷ്ടിക്കുന്നു

അടിമാലി: വേനല്‍ച്ചൂട് കൂടിയതോടെ ഏലക്ക ഉല്‍പാദനം കുറഞ്ഞെങ്കിലും വില ഉയരാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ഹൈറേഞ്ചില്‍ ഏലക്കാ ഉത്പാദനം തീരെ കുറവുള്ള സമയമാണ് വേനല്‍ക്കാലം. വേനല്‍ച്ചൂട് കൂടിയതോടെ ഏലക്ക ഉല്‍പാദനം കുറഞ്ഞെങ്കിലും വില ഉയരാത്തതാണ് കര്‍ഷകരില്‍ ആശങ്കയായി മാറിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2600 മുതല്‍ 2750 വരെയായിരുന്നു ഏലക്ക വില.
ഇപ്പോള്‍ 2200 മുതല്‍ 2350 വരെയാണ് ശരാശരി ലഭിക്കുന്ന വില. 2025 ജനുവരിയില്‍ ഏലം വില 3000 കടന്നിരുന്നു. എന്നാല്‍ അതിന് ശേഷം വില യില്‍ കാര്യമായ വര്‍ധനയില്ല. ഗ്വാട്ടിമാലയിലെ ഏലം കയറ്റുമതി കുറഞ്ഞതോടെ ഇവിടത്തെ ഏലത്തിന് വില വര്‍ധിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കച്ചവടക്കാര്‍ ഏലക്ക വാങ്ങാന്‍ തയാറാകുന്നില്ല. ലേല കേന്ദ്രങ്ങളില്‍ പതിയുന്ന ഏലക്കയുടെ അളവില്‍ കാര്യമായ കുറവുണ്ടെങ്കിലും വില വര്‍ധിക്കാത്തതിനു കാരണം വാങ്ങാന്‍ ആളില്ലാത്തതാണെന്ന് കര്‍ഷകര്‍ പറയുന്നു.
കേന്ദ്രങ്ങളില്‍ എത്തുന്ന കച്ചവടക്കാരുടെ എണ്ണം നാമമാത്രമായി. വേനല്‍ ചൂടേറിയതോടെ ഹൈറേഞ്ചിലെ തോട്ടങ്ങളില്‍ ഏലച്ചെടികള്‍ ഉണങ്ങി വീഴുന്നതൊഴിവാക്കാന്‍ കര്‍ഷകര്‍ കഠിന പ്രയത്‌നത്തിലാണ്. കൃഷിച്ചെലവുകള്‍ വര്‍ധിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വേണ്ടവിധം വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കനത്ത നഷ്ടമുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ വില ഉയരാത്ത സാഹചര്യത്തില്‍ മഴക്കാലമെത്തി ഉത്പാദനം വര്‍ധിക്കുന്നതോടെ വില ഇനിയും ഇടിയുമോയെന്ന ആശങ്കയും കര്‍ഷകര്‍ പങ്ക് വയ്ക്കുന്നു.



