KeralaLatest NewsLocal news

വേനല്‍ കനത്തു;  ജല ലഭ്യത കുറഞ്ഞത് ഏത്തവാഴ കര്‍ഷകരെ ആശങ്കയിലാക്കുന്നു

അടിമാലി: വേനല്‍ കനത്തതോടെ ഹൈറേഞ്ച് വരണ്ടുണങ്ങുകയാണ്. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഏലം കര്‍ഷകര്‍ക്ക് പിന്നാലെ ഏത്തവാഴ കര്‍ഷകരും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വേനല്‍ക്കാലത്ത് ഏത്തവാഴകള്‍ കൃത്യമായി നനക്കാന്‍ കഴിയാതെ വന്നാല്‍ വാഴകള്‍ ഉണങ്ങി വീഴുന്ന സ്ഥിതിയുണ്ടാകും. കുലച്ച വാഴകളടക്കം കായ മൂപ്പെത്താതെ നിലം പതിക്കുന്ന സാഹചര്യമുണ്ടാകും.

അന്തരീക്ഷ താപനില വര്‍ധിച്ച് നീര്‍ച്ചാലുകളും അരുവികളുമെല്ലാം പൂര്‍ണ്ണമായി വരണ്ടതോടെയാണ് വെള്ളമില്ലാതെ ഏത്തവാഴ കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.ഓണക്കാലത്തെ വിളവെടുപ്പ് മുമ്പില്‍ കണ്ടാണ് പ്രധാനമായും കര്‍ഷകരിപ്പോള്‍ ഏത്തവാഴ കൃഷിയിറക്കിയിരിക്കുന്നത്. വെള്ളമില്ലാതെ ഈ വാഴകള്‍ നശിക്കുന്ന സ്ഥിതി വന്നാല്‍ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും. കാലാവസ്ഥ വ്യതിയാനം മൂലം മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് വേണ്ട വിധം നഷ്ട പരിഹാരം ലഭിച്ചില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്.

നിലവിലെ സാഹചര്യത്തില്‍ വെള്ളമെത്തിച്ച് വാഴ നനക്കാനുള്ള ചിലവ് കര്‍ഷകര്‍ക്ക് അധിക ബാധ്യത നല്‍കുന്നതാണ്.തുടര്‍ച്ചയായി ഏതാനും വേനല്‍ മഴ ലഭിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധി നീങ്ങുവെന്ന് ഏത്തവാഴ കര്‍ഷകര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!