നിയമസഭാ തിരഞ്ഞെടുപ്പ്: മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍വഹിച്ചു. ഇലക്ട്രോണിക്- ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിനുമായുള്ള സംവിധാനമാണിത്.
ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രസാദ് ഐ.ആര്‍. മെമ്പര്‍ സെക്രട്ടറിയായും സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, സാമൂഹിക മാധ്യമ വിദഗ്ധന്‍ ഐ.ടി മിഷന്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ലിജോഷ് ജോസഫ്, ആകാശവാണി ദേവികുളം ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. സുഭാഷ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവര്‍ അംഗങ്ങളായുമാണ് സമിതിയുടെ പ്രവര്‍ത്തനം.
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ മീഡിയ ഹാളിലാണ് എം.സി.എം.സി സജ്ജമാക്കിയിട്ടുള്ളത്. മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ജേണലിസം വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുക. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രസാദ് ഐആര്‍, ഫിനാന്‍സ് ഓഫീസര്‍ സുജികുമാര്‍ കെ. എ., അസിസ്റ്റന്റ് എഡിറ്റര്‍ സുനില്‍കുമാര്‍ എം.എന്‍., അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.അരുണ്‍, എം.സി.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എം.സി.എം.സി പ്രവര്‍ത്തനം
പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍, മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക, പോസ്റ്റര്‍, ഹാന്‍ഡ്ബില്‍സ് തുടങ്ങിയവയില്‍ പബ്ലിഷറുടെയും പ്രിന്ററുടെയും പേരും മേല്‍വിലാസവും രേഖപ്പെടുത്തിയെന്ന് പരിശോധിക്കുക തുടങ്ങിയവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ ചുമതലകള്‍. പത്രങ്ങള്‍, ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍, സാമൂഹികമാധ്യങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.
ഇതര രാജ്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനം, ഏതെങ്കിലും മതം, സമുദായം എന്നിവയ്ക്കെതിരെയുള്ള ആക്രമണം, അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശം, അക്രമം പ്രോത്സാഹിപ്പിക്കല്‍, കോടതിയലക്ഷ്യം, പ്രസിഡന്റ്, ജുഡീഷ്യറി എന്നിവയുടെ വിശ്വാസ്യതയെ പരാമര്‍ശിക്കല്‍, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, എന്നിവയ്‌ക്കെതിരെയുള്ളതും, ഏതെങ്കിലും വ്യക്തിയെ പേരു പറഞ്ഞു വിമര്‍ശിക്കുന്ന പരസ്യങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. ആരാധനാലയങ്ങളുടെ ചിത്രങ്ങള്‍, അടയാളങ്ങള്‍, പ്രതീകങ്ങള്‍ എന്നിവ സമൂഹമാധ്യമ പോസ്റ്റുകളിലും പ്രചാരണഗാനങ്ങളിലും ഉള്‍പ്പെടുത്തരുത്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോട്ടോ, ഏതെങ്കിലും നേതാവിന്റെയോ പ്രവര്‍ത്തകരുടെയോ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന വിവരങ്ങള്‍, സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ തുടങ്ങിയവയും ഉപയോഗിക്കരുത്.
അപേക്ഷ മൂന്നു ദിവസം മുന്‍പ് സമര്‍പ്പിക്കണം
അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും പ്രതിനിധികളും പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും അപേക്ഷ നിശ്ചിത ഫോമില്‍ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികളോ വ്യക്തികളോ ആണെങ്കില്‍ ഏഴു ദിവസം മുന്‍പ് അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ആശയകുറിപ്പും (ട്രാന്‍സ്‌ക്രിപ്റ്റും) സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കണം. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്ക്/ ഡിമാന്റ് ഡ്രാഫ്റ്റ് ആയേ നല്‍കൂവെന്ന പ്രസ്താവനയും അനുബന്ധമായി ഉള്‍പ്പെടുത്തണം. സമിതിയുടെ അനുമതിയില്ലാത്ത മാധ്യമ പരസ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഉപയോഗിക്കാന്‍ പാടില്ല.
ടിവി /കേബിള്‍ ടിവി ചാനലുകളിലെ പരസ്യങ്ങള്‍ക്കും, ബള്‍ക്ക് എസ്.എം.എസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും (വലിയ സംഖ്യ ഹ്രസ്വ സന്ദേശങ്ങള്‍ക്കും, ശബ്ദ സന്ദേശങ്ങള്‍ക്കും) നിയമം ബാധകമായിരിക്കും. സാമൂഹിക മാധ്യമം, ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കും പ്രീ-സര്‍ട്ടിഫിക്കേഷന്‍ നേടിയിരിക്കണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്ലിലാണ് അപേക്ഷ നല്‍കേണ്ടത്



