CrimeKeralaLatest NewsLocal news

അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടം; ആശ്വാസ പദ്ധതിയില്‍ ഇടുക്കിയില്‍ എട്ടു കേസുകളില്‍ സഹായം അനുവദിച്ചു

അടിമാലി: അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ടവര്‍ക്കായുള്ള ആശ്വാസപദ്ധതിയില്‍ ഇടുക്കിയില്‍ എട്ടു കേസുകളില്‍ സഹായം അനുവദിച്ചു. അജ്ഞാത വാഹനം ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന കോമ്പന്‍സേഷന്‍ റ്റു വിക്റ്റിംമ്‌സ് ഓഫ് ഹിറ്റ് ആന്‍ഡ് റണ്‍ മോട്ടോര്‍ ആക്‌സിഡന്റ് സ്‌കീം 2022 പദ്ധതി പ്രകാരമാണ് കേസുകള്‍ തീര്‍പ്പാക്കിയത്. 2024 മെയ് 14നാണ് ജില്ലയില്‍ പ്രത്യേക കമ്മറ്റി രൂപം കൊണ്ടത്. ഇടുക്കി ജില്ലയില്‍ പദ്ധതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി 7 അംഗ ജില്ലാതല കമ്മറ്റിയാണുള്ളത്.

ഹിറ്റ് ആന്‍ഡ് റണ്‍, അപകടങ്ങളില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് പദ്ധതിയുടെ ഭാഗമായി രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വരെയും സാമ്പത്തിക സഹായമായി നല്‍കുന്നു. അജ്ഞാത വാഹനം ഇടിച്ച് പ്രതിയെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമായി മാറുകയാണ്.


ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മറ്റിയില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ , യുണൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി, എന്നിവരോടൊപ്പം സാമൂഹിക പ്രവര്‍ത്തകനായ അടിമാലി മാന്തറക്കല്‍ ഡോ.
ബിജു മാത്യുവും അംഗമാണ്. മെമ്പര്‍ ആന്‍ഡ് ക്ലെയിം എന്‍ക്വയറി ഓഫീസര്‍ എന്ന നിലയില്‍ സബ് കളക്ടര്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.


അപേക്ഷകള്‍ ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് യോഗ്യത ഉറപ്പാക്കിയതിന് ശേഷം കമ്മിറ്റി അംഗീകാരം നല്‍കി നഷ്ടപരിഹാരം അനുവദിക്കുന്ന നടപടിക്രമമാണ് നിലവിലുള്ളത്. ഹിറ്റ് ആന്‍ഡ് റണ്‍ അപകടങ്ങളില്‍പ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലോ ജില്ലാ കളക്ടറേറ്റിലോ ബന്ധപ്പെടാവുന്നതാണ്. ഇടുക്കിയില്‍ ഇതു സംബന്ധിച്ച് ഇതുവരെ ലഭിച്ച പത്ത് അപേക്ഷകളിലും തീര്‍പ്പു കല്‍പിച്ചിട്ടുണ്ട്. എട്ടു കേസുകളില്‍ സാമ്പത്തിക സഹായം അനുവദിച്ചു. ഒരു അപേക്ഷ കാലാവധി കഴിഞ്ഞ് ലഭിച്ചതിനാല്‍ അനുവദിക്കാനായില്ല.

ഒരു അപേക്ഷകന് മെഡിക്കല്‍ക്ലെയിം സഹായം ലഭിച്ചതിനാല്‍ പദ്ധതിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹത ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം മാത്രം ജില്ലയില്‍ 18 ഇടങ്ങളിലാണ് അജ്ഞാത വാഹനം ഇടിച്ചുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 10 അപേക്ഷകള്‍ മാത്രമാണ് കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!