KeralaLatest NewsLocal news

ദേവികുളം മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നണികള്‍

മൂന്നാര്‍:ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലം ആകാംക്ഷ ജനിപ്പിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് ദേവികുളം. സി പി എം ബന്ധം ഉപേക്ഷിച്ച് മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ ബി ജെ പി യില്‍ ചേരുകയും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എത്തുകയും ചെയ്തതോടെ മണ്ഡലത്തില്‍ ത്രികോണ മത്സരത്തിനുള്ള സാധ്യത തെളിഞ്ഞതാണ് ആകാംക്ഷയുടെ രാഷ്ട്രീയ അടിസ്ഥാനം.

മണ്ഡലത്തില്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നണികള്‍ ഊര്‍ജ്ജിതമാക്കി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയും എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രനും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ തിങ്കളാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ ഡി എഫും എന്‍ ഡി എയും മുമ്പെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു.

എല്‍ ഡി എഫിന്റെയും യുഡിഎഫിന്റെയും പ്രചാരണത്തെ മറികടക്കാനുള്ള ത്രീവ ശ്രമത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും. മുന്നണികള്‍ മൂന്നും വരും ദിവസങ്ങളില്‍ മുതിര്‍ന്ന നേതാക്കളെയടക്കം മണ്ഡലത്തില്‍ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുമെന്നാണ് വിവരം.എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ ഡി എക്കും ഇത്തവണ ദേവികുളം മണ്ഡലം ജീവന്‍ മരണ പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പ് ഗോഥയാണ്. തുടര്‍ച്ചയായി നാല് തവണ വിജയിച്ച മണ്ഡലം നിലനിര്‍ത്തുകയെന്നതിനൊപ്പം യുഡിഎഫിനേയും എല്‍ ഡി എഫ് വിട്ട രാജേന്ദ്രനെയും രാഷ്ട്രീയമായി മുട്ടുകുത്തിക്കുകയെന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം.

മുന്‍ എം എല്‍ എ തന്നെ എല്‍ ഡി എഫ് ബന്ധം ഉപേക്ഷിച്ച് എന്‍ ഡി എ ചേരിയില്‍ മത്സരിക്കുമ്പോള്‍ ഈ രാഷ്ട്രീയ അവസരം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്. എല്‍ഡിഎഫിനേയും ഒപ്പം യുഡിഎഫിനേയും നിലംപരിശാക്കി രാഷ്ട്രീയ ശക്തി തെളിയിക്കാനുള്ള പരിശ്രമത്തിലാണ് എസ് രാജേന്ദ്രനും ഒപ്പം എന്‍ഡിഎയും. കൂട്ടിയും കിഴിച്ചും അണുവിട തെറ്റാതെ രാഷ്ട്രീയ തന്ത്രങ്ങളും പ്രചാരണവും മെനഞ്ഞ് ദേവികുളത്തെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍ മൂന്നും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!